അഞ്ച് നിയമ ലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; പിഴ അടച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കും
തിരുവനന്തപുരം: ഒരു വർഷത്തിനിടെ അഞ്ചോ അതിലധികമോ തവണ ഗതാഗത നിയമലംഘനം നടത്തിയാൽ വാഹനമോടിക്കുന്നയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും.
തുടർച്ചയായി നിയമലംഘനം നടത്തുന്ന വാഹനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി, കോടതിയുടെ അനുമതിയോടെ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുക്കാനും പുതിയ ചട്ടം അനുവദിക്കുന്നു.
കേന്ദ്ര മോട്ടോർ വാഹന വകുപ്പ് അംഗീകരിച്ച ഭേദഗതികളോടെയുള്ള ഗതാഗത നിയമം ഇതിനകം പ്രാബല്യത്തിൽ വന്നു.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം ആർ.ടി.ഒയ്ക്കാണ്. ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിന് മുൻപ് വാഹന ഉടമയുടെ ഭാഗം കേൾക്കണമെന്നും ചട്ടത്തിൽ വ്യവസ്ഥയുണ്ട്.
ചെലാൻ ലഭിച്ച തീയതിയിൽ നിന്ന് 45 ദിവസത്തിനുള്ളിൽ പിഴത്തുക അടയ്ക്കണം. ഈ സമയപരിധി നീട്ടി നൽകില്ല.
ചെലാൻ സ്വീകരിക്കുകയോ, അതിനെ ചോദ്യം ചെയ്ത് തെളിവുകൾ സഹിതം അപ്പീൽ നൽകുകയോ ചെയ്യാം. 45 ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യാത്ത പക്ഷം കുറ്റം സമ്മതിച്ചതായി കണക്കാക്കും.
അങ്ങനെ കണക്കാക്കപ്പെടുന്നവർ തുടർന്ന് 30 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണം.
പരാതി നൽകിയാൽ അത് 30 ദിവസത്തിനുള്ളിൽ തീർപ്പാക്കണം.
പരാതി ശരിയാണെന്ന് കണ്ടെത്തിയാൽ ചെലാൻ റദ്ദാക്കും. പരാതി തള്ളിയാൽ ഉത്തരവ് ലഭിച്ച ശേഷം 30 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണം. വീണ്ടും കോടതിയെ സമീപിക്കണമെങ്കിൽ ചെലാൻ തുകയുടെ 50 ശതമാനം മുൻകൂർ കെട്ടിവയ്ക്കണം.
പരാതി തള്ളിയിട്ടും 30 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുകയോ കോടതിയെ സമീപിക്കുകയോ ചെയ്തില്ലെങ്കിൽ, കുറ്റം സമ്മതിച്ചതായി കണക്കാക്കി അടുത്ത 15 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കേണ്ടിവരും.
ട്രാൻസ്പോർട്ട് കമ്മിഷണർമാരുടെ യോഗത്തിൽ ഉയർന്ന നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് മോട്ടോർ വാഹന നിയമത്തിൽ ഈ ഭേദഗതികൾ കൊണ്ടുവന്നത്.
ചെലാൻ സംവിധാനം – സർക്കാർ ചുമതല
ഓട്ടോമാറ്റിക് ചെലാൻ സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനേ അധികാരമുള്ളൂ.
മറ്റ് ഏജൻസികൾക്ക് ഇതിന് അനുമതിയില്ല. നേരിട്ട് ചെലാൻ നൽകാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനും സർക്കാരിന് അധികാരമുണ്ട്.
ചെലാൻ നൽകാനുള്ള സമയപരിധി:
നേരിട്ട് നൽകുന്നത്: 15 ദിവസത്തിനുള്ളിൽ
ഇലക്ട്രോണിക് സംവിധാനം (SMS/ഇമെയിൽ): 3 ദിവസത്തിനുള്ളിൽ
പിഴ അടയ്ക്കാതിരുന്നാൽ:
വാഹൻ, സാരഥി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും തടയും. നികുതി മാത്രമേ അടയ്ക്കാൻ കഴിയൂ. ഇൻഷുറൻസ്, പുകപരിശോധന എന്നിവ നടത്താനാകില്ല. കോടതിക്ക് ആവശ്യമായി തോന്നിയാൽ വാഹനം പിടിച്ചെടുക്കാനും നടപടി സ്വീകരിക്കും.
English Summary:
Under the amended Motor Vehicles Act, drivers committing five or more traffic violations in a year will face cancellation of their driving licence. Habitual offenders’ vehicles can be blacklisted and seized with court approval. The new rules specify strict timelines for paying or challenging traffic fines (challans). Failure to comply will result in suspension of vehicle-related services, and repeated non-compliance may lead to vehicle seizure.
traffic-law-amendment-license-cancellation-kerala
traffic rules, motor vehicles act, driving license, challan system, RTO, Kerala transport, road safety








