രണ്ട് ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ കൊച്ചി നഗരം ഒരുങ്ങി. വൈകീട്ട് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം 6-30 ന് അര ലക്ഷത്തോളം ബിജെപി പ്രവർത്തകർ അണിനിരക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ തുടർന്ന് ഇന്നും നാളെയും കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതലും നാളെ അതിരാവിലെ 3 മുതൽ ഉച്ചവരെയുമാണ് നിയന്ത്രണം. എം ജി റോഡ്, രാജാജി ജംഗ്ഷൻ, ഹൈക്കോർട്ട് ജംഗ്ഷൻ, കലൂർ, കടവന്ത്ര, തേവര എന്നിവടങ്ങളിൽ നിന്ന് വാഹനങ്ങൾ വഴി തിരിച്ച് വിടും. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സമയത്ത് നഗരത്തിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
പശ്ചിമ കൊച്ചി ഭാഗത്തു നിന്നും ആശുപത്രി ആവശ്യങ്ങൾക്കായി വരുന്ന എമർജൻസി വാഹനങ്ങൾ തേവരഫെറിയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മട്ടുമ്മൽ ജംക്‌ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് കോന്തുരുത്തി റോഡിലൂടെ പനമ്പളളി നഗർ വഴി മനോരമ ജംക്‌ഷനിലെത്തി മെഡിക്കൽ ട്രസ്റ്റിലേയ്ക്കും, വളഞ്ഞമ്പലത്തു നിന്നും വലത്തേക്കു തിരിഞ്ഞ് ചിറ്റൂർ റോഡിലൂടെ ഇയ്യാട്ടുമുക്ക്, മഹാകവി ജി റോഡിലൂടെ കാരിക്കാമുറി റോഡിൽ കയറി ഇടത്ത് തിരിഞ്ഞ് അമ്മൻ കോവിൽ റോഡ് വഴി ഷേണായീസ് തിയ്യേറ്റർ റോഡ് വഴി എം.ജി റോഡിൽ യൂ ടേൺ എടുത്ത് മുല്ലശേരി കനാൽ റോഡിലൂടെ റ്റി.ഡി റോഡ് വഴി ജനറൽ ആശുപത്രിയുടെ കിഴക്കേ വശത്തെ ഗേറ്റ് വഴി ആശുപത്രിയിൽ പ്രവേശിക്കേണ്ടതാണ്. വൈപ്പിൻ ഭാഗത്തു നിന്നും കലൂർ ഭാഗത്തു നിന്നും വരുന്ന എമർജൻസി വാഹനങ്ങൾ റ്റി.ഡി റോഡ്- കനാൽ ഷെഡ് റോഡ് വഴി ജനൽ ആശുപത്രിയുടെ കിഴക്കേ വശത്തെ ഗേറ്റ് വഴി ആശുപത്രിയിൽ പ്രവേശിക്കേണ്ടതാണ്. ജനറൽ ആശുപത്രിയുടെ തെക്ക് വശത്തുളള ഹോസ്പിറ്റൽ റോഡിലൂടെ ഇന്ന് വൈകിട്ട് 3 മണി മുതൽ 6 മണിവരെ വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
രാത്രി എറണാകുളം ഗസ്റ്റ് ഹൗസിൽ തങ്ങുന്ന പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ ഗുരുവായൂരിലേക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തശേഷം തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് പന്ത്രണ്ട് മണിയോടെ കൊച്ചിയിൽ തിരിച്ചെത്തി മറ്റു രണ്ട് പരിപാടികളിൽ കൂടി പങ്കെടുക്കും.പ്രധാനമന്ത്രിയുടെ സന്ദർശനപരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നാളെ പ്രാദേശിക അവധി. ഗുരുവായൂർ മുനിസിപ്പാലിറ്റി, കണ്ടാണശേരി, ചൂണ്ടൽ, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ അവധി ബാധകം, പൊതുപരീക്ഷകൾക്ക് മാറ്റമില്ല.
Read Also : തൃശൂരിൽ കാർ പാറമടയിലേക്കു മറിഞ്ഞ് അപകടം; മൂന്നുപേർ മരിച്ചു