കന്യാകുമാരി: കന്യാകുമാരിയിലെ ഗ്ലാസ് പാലത്തിലൂടെയുള്ള സഞ്ചാരം അഞ്ച് ദിവസത്തേക്ക് വിലക്കി. വിവേകാനന്ദ സ്മാരകവും തിരുവള്ളുവരുടെ പ്രതിമയും തമ്മിൽ ബന്ധിപ്പിക്കുന്ന ഗ്ലാസ് പാലത്തിലാണ് വിലക്ക്. അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം.
ഏപ്രിൽ 15 മുതൽ 19 വരെയാണ് വിനോദസഞ്ചാരികൾക്ക് പാലം സന്ദർശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. കന്യാകുമാരി വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഗ്ലാസ് വാക്ക്‌വേ പാലം.
ഇതിലൂടെ നടക്കുമ്പോൾ താഴെയുള്ള കടലിന്റെ ഭംഗി ആസ്വദിക്കാൻ കഴിയും എന്നതാണ് പ്രത്യേകത. അതുകൊണ്ട് തന്നെ വിനോദസഞ്ചാരികൾക്ക് ഈ പാലം ഒരു വലിയ ആകർഷണമാണ്.
പാലം സന്ദർശിക്കുന്ന വിദേശ, അന്തർസംസ്ഥാന, അന്തർ ജില്ലാ വിനോദസഞ്ചാരികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗ്ലാസ് നടപ്പാല നിർമ്മാണത്തിന്റെ അറ്റകുറ്റപ്പണികൾക്കും പരിശോധനയ്‌ക്കുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ആർഐടിഇഎസും തൂത്തുക്കുടിയിലെ അണ്ണാ സർവകലാശാലയും സംയുക്തമായിട്ടാണ് പരിശോധന നടത്തുക.