കണ്ണൂർ: ഔദ്യോഗീക ഉദ്ഘാടത്തിന് മുമ്പേ തലശേരി – മാഹി ബൈപ്പാസിൽ ടോൾ പിരിവ് തുടങ്ങി. രാവിലെ എട്ടുമണി മുതലാണ് ദേശീയ പാത അതോറിറ്റി ടോൾ പിരിവ് തുടങ്ങിയത്. കാറിനും ജീപ്പിനും ഒരുഭാഗത്തേക്ക് 65 രൂപയും റിട്ടേൺ നിരക്ക് നൂറ് രൂപയുമാണ്. ബസിനും ട്രക്കിനും ഒരുഭാഗത്തേക്ക് 225 രൂപയും റിട്ടേൺ നിരക്ക് 335 രൂപയുമാണ്. മിനി ബസ് ഒരു ഭാഗത്തേക്ക് 105 രൂപയാണ് നിരക്ക്. ഫാസ്ടാഗ് സംവിധാനം വഴിയാണ് ടോൾപിരിവ്. ഫാസ് ടാഗില്ലെങ്കിൽ ടോൾ പിരിവിന്റെ ഇരട്ടി തുക നൽകണം. ഫാസ് ടാഗ് എടുക്കാനുള്ള സൗകര്യം ടോൾ പ്ളാസ് യിലുണ്ടാകുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു.
തിരുവനന്തപുരത്ത് നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴിയാണ് ബൈപാസ് രാഷ്ട്രത്തിന് സമർപ്പിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ തിരുവനന്തപുരത്ത് ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കും.മാർച്ച് 11 ന് രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെയുള്ള സമയത്താണ് ഇതിന്റെ ലൈവ് സ്ട്രീമിങ് നടക്കുക.
മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കർ എ എൻ ഷംസീർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ നേരിട്ട് പങ്കെടുക്കും. തലശേരി, മാഹി എന്നീ തിരക്കേറിയ നഗരങ്ങളിൽ കയറാതെ കണ്ണൂരിൽ നിന്ന് കോഴിക്കോട് അഴിയൂരിൽ എത്തുന്ന ആറുവരി പാതയാണ് ബൈപ്പാസ്.
ചോനാടത്തെ പ്രത്യേക വേദിയിൽ ഇതു പൊതുജനങ്ങൾക്ക് കാണാൻ ദേശീയ പാത അതോറിറ്റി അധികൃതർ പ്രത്യേക സൗകര്യമൊരുക്കുന്നുണ്ട് സ്പീക്കർ എ.എൻ ഷംസീറും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും ചോനാടത്തെ വേദിയിൽ ഉദ്ഘാടന സമയത്ത് പങ്കെടുക്കുംസമ്മേളനത്തിന്റെ ലൈവ് സ്ട്രീമിങ്ങിന് ശേഷം സ്പീക്കറും മന്ത്രിയും വിശഷ്ടാതിഥികളും കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസിൽ മുഴപ്പിലങ്ങാട് ഭാഗത്തേക്ക് യാത്ര ചെയ്യും.
1000 പേർക്ക് ഇരിക്കാവുന്ന വേദിയാണ് ചോനാടത്ത് ഒരുക്കുന്നത്. വിദ്യാർത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ട്രയൽ റണ്ണിന്റെ ഭാഗമായി ശനിയാഴ്ച്ചയും യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിച്ചു.പതിനാറുകിലോ മീറ്റർ ദൂരമുളള തലശേരി – മാഹി ബൈപ്പാസ് ഉദ്ഘാടനം ചെയ്യുന്നതോടെ പതിനാലുമിനിട്ടുകൊണ്ടു മുഴപ്പിലങ്ങാടു നിന്നും അഴിയൂരിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ബൈപ്പാസിലൂടെ നടത്തിയ ട്രയൽ റൺ വിജയകരമായിരുന്നു. ഇതിനു ശേഷം സ്വകാര്യവാഹനങ്ങളും ഇതിലൂടെ കടത്തിവിട്ടിരുന്നു. മുഴപ്പിലങ്ങാട്, ധർമടം, തലശേരി നഗരങ്ങൾക്ക് സമാന്തരമായി പോകുന്ന ബൈപ്പാസ് റോഡ് ഇവിടങ്ങളിലെ ഗതാഗതകുരുക്ക് ഒഴിവാക്കും. ഇരുപത്തിയൊന്ന് മേൽപാലങ്ങളും നിരവധി അടിപ്പാതകളും ഒരു ടോൾ ബൂത്തുമാണ് ബൈപ്പാസിന്റെ ഭാഗമായിട്ടുളളത്. കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ചരക്കുവാഹനങ്ങൾക്കും ടാങ്കർ ലോറികൾക്കും അതിവേഗം ഗതാഗതകുരുക്കുണ്ടാക്കാതെ സഞ്ചരിക്കാൻ കഴിയും.
നീണ്ട 47 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് 45 മീറ്റർ വീതിയും 18.6 കിലോമീറ്റർ നീളവുമുള്ള ബൈപ്പാസ് യാഥാർത്ഥ്യമാകുന്നത്. 1977ലാണ് സ്ഥലമെടുപ്പ് ആരംഭിച്ചത്. മുഴപ്പിലങ്ങാട്ടുനിന്ന് ധർമടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരിൽ എത്തിച്ചേരുന്നത്. ഒരു ഓവർ ബ്രിഡ്ജ്, ഒരു റെയിൽവേ ഓവർബ്രിഡ്ജ്, 21 അണ്ടർ പാസുകൾ, ഒരു ടോൾ പ്ലാസ എന്നിവയുൾപ്പെടുന്നതാണ് ബൈപ്പാസ്. ബൈപ്പാസിന്റെ ഇരുഭാഗത്തും 5.5 മീറ്റർ വീതിയിലുള്ള സർവീസ് റോഡുകളുമുണ്ട്.