കൊച്ചി: 25 ലക്ഷം രൂപ വിലവരുന്ന 350 ഗ്രാം എം.ഡി.എം.എ. പിടിച്ച കേസിൽ രണ്ടു പേർക്ക് പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ശിഷ വിധിച്ചത് എറണാകുളം അഡിഷണൽ ജില്ല സെഷൻ കോടതിയാണ്. കോട്ടയം ചിങ്ങവനം മുട്ടത്താട്ടചിറ വീട്ടിൽ സൂസിമോൾ എം. സണ്ണി (തുമ്പിപ്പെണ്ണ്- 26), ആലുവ ചെങ്ങമനാട് കല്ലൂക്കാടൻ പറമ്പിൽ വീട്ടിൽ അമീർ സൊഹൈൽ (പൂത്തിരി- 25) എന്നിവർക്കാണ് കോടതി ശിക്ഷിച്ചത്.
മൂന്നും നാലും പ്രതികളായ വൈപ്പിൻ സ്വദേശി കുറുമ്പനാട്ട് പറമ്പിൽ അജ്മൽ കെ.എ. (24), അങ്കമാലി പുളിയിനം സ്വദേശി എൽറോയ് വർഗീസ് (22) എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയായിരുന്നു. അഡിഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജ് പി.എം. സുരേഷ് ബാബുവാണ് വിധി പറഞ്ഞത്. എറണാകുളം ടൗണിൽ എം.ഡി.എം.എ. എത്തിച്ച് മൊത്ത വിതരണം നടത്തി വന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടുപേരും. 2023 ൽ ഒക്‌ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
രാത്രി സമയം ആഡംബര ബൈക്കുകളിലെത്തി ആവശ്യക്കാർക്ക് ലഹരി മരുന്ന് കറുത്ത പോളിത്തിൽ കവറുകളിൽ കെട്ടി മാലിന്യ കൂമ്പാരങ്ങളി ലിട്ടശേഷം പാഞ്ഞ് പോകുന്നതായിരുന്നു ഇവരുടെ രീതി. നഗരത്തിലെ മയക്ക് മരുന്ന് വിതരണത്തിന് ചുക്കാൻ പിടിച്ചിരുന്നത് സൂസിമോൾ ആയിരുന്നു എന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തലയിൽ ഷാൾ ധരിച്ച് ആർക്കും മുഖം കൊടുക്കാതെ രാത്രി സമയം പുറത്തിറങ്ങുന്ന ഇവർ ആവശ്യക്കാരിൽനിന്നു നേരിട്ട് പണം വാങ്ങിയതിന് ശേഷം സംഘാംഗങ്ങൾ വഴി മയക്ക് മരുന്ന് എത്തിച്ച് നൽകുകയാണ് ചെയ്തിരുന്നത്.
സംഭവദിവസം രാത്രി മഴ പെയ്തതിനാൽ ഇരുചക്ര വാഹനത്തിന് പകരം ആഡംബര കാറിൽ മയക്കുമരുന്ന് കൈമാറാൻ കലൂർ സ്‌റ്റേഡിയത്തിന് സമീപം എത്തിയപ്പോഴാണു സൂസിമോളും സംഘാംഗങ്ങളും എക്‌സൈസിന്റെ വലയിലായത്. കാറിൽ പല ബാഗുകളിലായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എയും എക്സൈസ് പിടിച്ചെടുത്തു. അമീറിന്റെ വസ്ത്രത്തിന്റെ പോക്കറ്റുകളിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തു. പിടിയിലാവുമ്പോൾ ഇവരുടെ പക്കൽ 25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 350 ഗ്രാം രാസലഹരി ഉണ്ടായിരുന്നു.
പിടികൂടുന്ന സമയത്ത് മയക്ക്മരുന്ന് സംഘത്തിലുള്ളവർ സ്പ്രിംഗ് ബാറ്റൺ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ.പി. പ്രമോദ്, സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ എൻ.ഡി. ടോമി, ഐ.ബി. പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അന്ന് കാറടക്കം കസ്റ്റഡിയിൽ എടുത്തത്. മാലിന്യ കൂമ്പാരത്തിനുള്ളിൽ മയക്ക് മരുന്ന് നിക്ഷേപിക്കുക എന്ന ബുദ്ധി തുമ്പിപ്പെണ്ണിന്റേതായിരുന്നു.
എറണാകുളം അസി. എക്‌സൈസ് കമ്മിഷണർ ടി.എൻ. സുധീറാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. 2023 ഒക്‌ടോബറിൽ പിടിയിലായതിന് ശേഷം ഇവർ നാല് പേരും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിഞ്ഞ് വരുകയായിരുന്നു. 26 സാക്ഷികളിൽ 14 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജോളി ജോർജ് ഹാജരായി. പ്രതികളെ എറണാകുളം സബ് ജയിലേക്ക് മാറ്റി.









