പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ; വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു
തൃശൂർ: ഏറെ നാളായി കാത്തിരുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനത്തിനായി പുത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിലാകെ ഉത്സാഹം നിറഞ്ഞിരിക്കുകയാണ്.
ഉദ്ഘാടനദിനമായ ഒക്ടോബർ 28 (ചൊവ്വ) പുത്തൂർ പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധിയായിരിക്കും എന്ന് തൃശൂർ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
ജനത്തിരക്കും ഗതാഗത നിയന്ത്രണവും പരിഗണിച്ചാണ് അവധി പ്രഖ്യാപിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ഗതാഗത നിയന്ത്രണം വൈകിട്ട് 4 മണി മുതൽ
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നതിനാൽ, കുട്ടനെല്ലൂർ ദേശീയപാത മുതൽ പുത്തൂർ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് 4 മണി മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും.
ചടങ്ങിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ അതിനു മുൻപേ പാർക്കിൽ എത്തണമെന്ന് ഭരണകൂടം അറിയിച്ചു. വൈകിട്ട് 3 മണിയോടെ ഘോഷയാത്രകൾ ആരംഭിക്കും.
ഒരു ഘോഷയാത്ര പുത്തൂർ പള്ളി പരിസരത്തു നിന്നു പയ്യപ്പിള്ളി മൂലയിലേക്കും, മറ്റൊന്ന് പുത്തൂർ സൂ ഹോസ്പിറ്റൽ പരിസരത്തു നിന്നുമാണ് ആരംഭിക്കുന്നത്.
സൗജന്യ ബസുകളും വിശാല പാർക്കിങ് സൗകര്യങ്ങളും
പുത്തൂർ–തൃശൂർ റൂട്ടിൽ ഓടുന്ന 22 സ്വകാര്യ ബസുകൾ, ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവരെ സൗജന്യമായി പാർക്കിലേക്കെത്തിക്കും.
വെട്ടുകാട് പുത്തൂർ റസിഡൻസി ഹോട്ടലിന് സമീപം, പൊന്നൂക്കര വളവ് ഭാഗം എന്നിവിടങ്ങളിൽ പ്രധാന പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ,
- പുത്തൂർ ഫൊറോന പള്ളി അങ്കണം,
- പുത്തൂർ പഞ്ചായത്ത് മൈതാനം,
- പുത്തൂർ പുഴയോരം പാർക്കി,
- എരവിമംഗലം ഷഷ്ടി പറമ്പ്,
- കൈനൂർ ശിവക്ഷേത്ര മൈതാനം,
- പാറോത്ത് വഴിയിലെ സുറിയാനി പള്ളി പരിസരം തുടങ്ങിയവിടങ്ങളിലും പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാല തൃശൂരില്‍: നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
വിശിഷ്ട അതിഥികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സുവോളജിക്കൽ പാർക്കിനകത്താണ് പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നത്.
പാർക്കിങ് കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത നിയന്ത്രണങ്ങൾ പോലീസും വളന്റിയർമാരും ഏകോപിപ്പിക്കും.
പുത്തൂർ സൂയുടെ ഉദ്ഘാടനത്തോടെ തൃശൂർ ജില്ലയിൽ പുതിയ വിനോദസഞ്ചാര–വിദ്യാഭ്യാസ കേന്ദ്രം ഉദിച്ചുയരുകയാണ്.
പരിസ്ഥിതി സൗഹൃദമായ രീതിയിൽ രൂപകൽപ്പന ചെയ്ത ഈ സൂ കേരളത്തിലെ വന്യജീവി സംരക്ഷണത്തിനും വിനോദസഞ്ചാര വികസനത്തിനും ഒരു മൈൽസ്റ്റോൺ ആകുമെന്നാണ് പ്രതീക്ഷ









