തൃശൂര്‍: പതിനായിരക്കണക്കിന് പൂരപ്രേമികളെ ആവേശത്തിൽ ആറാടിച്ച് തൃശൂർ പൂരത്തിന്റെ കുടമാറ്റം സമാപിച്ചു. പതിവ് തെറ്റിക്കാതെ ഇക്കൊല്ലവും പാറമേക്കാവും തിരുവമ്പാടിയും പുതുമകളുമായാണ് കുടമാറ്റത്തിനായി അണിനിരന്നത്. ഗണപതിയും വിഷ്ണുവും കൃഷ്ണനും ദുര്‍ഗ ദേവിയും മാവേലിയും തുടങ്ങി കലോത്സവത്തിന്റെ സ്വര്‍ണ കപ്പും ചെണ്ട കൊട്ടുന്ന കുട്ടിയുമടക്കം ഇക്കുറി ആനപ്പുറമേന്തി.
പട്ടുകുടകളിലും മുത്തുക്കുടകളും ആരംഭിച്ച കുടമാറ്റം പതിയെ വെറൈറ്റി കുടകളിലേക്ക് നീങ്ങിയപ്പോൾ കണ്ടു നിന്ന ജനസാഗരം ആർത്തിരമ്പി. ദേവീ ദേവന്മാരുടെ എല്‍ഇഡി കുടകളും രാത്രിയിൽ ശോഭക്കൂട്ടി.
പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറമേളത്തിന് പിന്നാലെയാണ് കുടമാറ്റം ആരംഭിച്ചത്. പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ തെക്കോട്ടിറക്കം പൂര്‍ത്തീകരിച്ചതോടെ കുടമാറ്റത്തിന് തിരികൊളുത്തി. പാറമേക്കാവ് വിഭാഗമാണ് ആദ്യം പുറത്തേക്കിറങ്ങിയത്. പിന്നാലെയാണ് തിരുവമ്പാടി വിഭാഗവും പുറത്തിറങ്ങി.
പിന്നാലെ തിരുവമ്പാടി, പാറമേക്കാവ്കാരുടെ 15 ആനകള്‍ ഇരുഭാഗങ്ങളിലായി അണിനിരന്നുകൊണ്ട് വാശിയേറിയ കുടമാറ്റം നടന്നു. ഉച്ചയ്ക്ക് രണ്ടരയോടെ ഇലഞ്ഞിത്തറ മേളം ആരംഭിച്ചു.
കിഴക്കൂട്ട് അനിയന്‍മാരാരുടെ നേതൃത്വത്തിലാണ് ഇഞ്ഞിത്തറ മേളം നടന്നത്. ഇനി ആകാശ വിഷമയത്തിനുള്ള കാത്തിരിപ്പിലാണ് ജനം. പുലർച്ചെ മൂന്നു മണിക്കാണ് ഇരുവിഭാഗങ്ങളുടെയും വെടിക്കെട്ട് നടക്കുക.