കോടാലി സ്കൂളിലെ സീലിങ്; 54 ലക്ഷം രൂപയുടെ മുതൽ തവിടുപൊടിയാക്കിയത് മരപ്പട്ടി!
തൃശ്ശൂർ: തൃശ്ശൂരിലെ കൊടുങ്ങല്ലൂരിലുള്ള കോടാലി ഗവൺമെന്റ് യുപി സ്കൂളിൽ സീലിങ് തകർന്നു വീണ സംഭവത്തിൽ വിചിത്ര വിശദീകരണവുമായി സ്കൂൾ അധികൃതർ. സ്കൂൾ അധികൃതരുടെ വിശദീകരണമനുസരിച്ച്, മരപ്പെട്ടികൾ കാരണം സീലിങ് വീണെന്നാണ് പറയുന്നത്.
2023-ൽ 54 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ സീലിങ് നിർമ്മിച്ചത്. സ്കൂളിന്റെ ഓഡിറ്റോറിയത്തിലെ സീലിങ്ങാണ് തകർന്നത്. ഈ ഓഡിറ്റോറിയം കുട്ടികൾ അസംബ്ലിക്ക് ഉപയോഗിക്കുന്നതാണ്. അവധിയായതുകൊണ്ട് വലിയൊരു ദുരന്തം ഒഴിവായി. പത്ത് വർഷം മുമ്പ് സ്കൂളിന്റെ കെട്ടിടം നിർമ്മിച്ചപ്പോൾ ശാസ്ത്രീയമല്ലാത്ത രീതിയിലാണ് പണിതതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.
രണ്ട് മാസം മുമ്പ് മഴ കാരണം സീലിങ് നനഞ്ഞപ്പോൾ സ്കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും, യാതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. സംഭവസ്ഥലത്ത് വാർഡ് മെമ്പറും പഞ്ചായത്ത് അധികാരികളും എത്തിയിട്ടുണ്ട്.
സ്‌കൂൾ ഓഡിറ്റോറിയത്തിന്റെ സീലിങ് അടർന്നു വീണു
തൃശൂർ: സ്‌കൂൾ ഓഡിറ്റോറിയത്തിന്റെ സീലിങ് അടർന്നു വീണ് അപകടം. തൃശൂർ കോടാലി ഗവൺമെന്റ് സ്‌കൂൾ ഓഡിറ്റോറിയത്തിന്റെ സീലിങ്ങാണ് അടർന്നുവീണത്.
ഇന്ന് രാവിലെയാണ് സംഭവം. മൂന്ന് വർഷം മുമ്പാണ് ഈ സീലിങ് പണിതത്. കനത്ത മഴയെ തുടർന്ന് സ്‌കൂൾ അവധിയായതിനാൽ വലിയ അപകടം ആണ് ഒഴിവായത്.
കുട്ടികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയമാണിത്. ഷീറ്റിനടിയിലെ ജീപ്സം ബോർഡാണ് തകർന്നു വീണത്. നിർമാണത്തിലെ അപാകതയാകാം സീലിങ് പൊളിഞ്ഞുവീഴാൻ കാരണമെന്നു നാട്ടുകാർ ആരോപിച്ചു.
ക്ലാസ് മുറിയിലെ സീലിങ് തകർന്ന് വീണു
തിരുവനന്തപുരം: ക്ലാസ് നടക്കുന്നതിനിടെ ക്ലാസ് മുറിയുടെ സീലിംഗ് തകർന്നു വീണു. പാറശ്ശാലയിലെ സിഎസ്ഐ ലോ കോളേജിൽ ആണ് അപകടമുണ്ടായത്.
ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ് നടക്കുന്നതിനിടെ സീലിംഗ് തകർന്നു വീണത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ക്ലാസ്സിലെ സീലിംഗ് ചോരുന്ന കാര്യം നേരെത്തെ വിദ്യാത്ഥികൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെങ്കിലും മാറ്റിയിരുന്നില്ല.
എന്നാൽ വിദ്യാർത്ഥികൾക്കായി മറ്റൊരു കെട്ടിടം പണി പൂർത്തിയായതുകൊണ്ടാണ് നിലവിലെ കെട്ടിടത്തിൽ അറ്റകുറ്റ പണി നടത്താതിരുന്നതെന്നാണ് കോളേജ് അധികൃതർ പറയുന്നത്.
വിദ്യാർത്ഥികൾ ഇരിക്കുന്നതിൻറെ തൊട്ടുമുമ്പിലേക്കാണ് സീലിങ് തകർന്നുവീണത്. സീലിങ് തകർന്നുവീണതിൻറെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സീലിങിൻറെ കൂടുതൽ ഭാഗങ്ങൾ അടർന്നുവീഴുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നു വീണു
കോഴിക്കോട്: ബസ് കാത്തിരിപ്പു കേന്ദ്രം തകർന്ന് വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. കോഴിക്കോട് മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളജിന് സമീപത്താണ് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ അഭിഷ്നയെന്ന വിദ്യാർഥിനിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്.
കോഴിക്കോട് നഗരസഭ സ്ഥാപിച്ച് കരാർ കമ്പനിക്ക് പരിപാലനത്തിനായി ലീസിനു കൊടുത്ത നഗരത്തിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ ഒന്നാണ് തകർന്നു വീണത്.
നടപ്പാതയോരത്തു മൂന്നു തൂണുകളിലായി സ്ഥാപിച്ച ഈ കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണുകളുടെ ചുവടുകൾ ദ്രവിച്ച നിലയിലായിരുന്നു നിന്നിരുന്നത്.
ഇവിടെ പതിച്ച പരസ്യത്തിന്റെ ഫ്ലെക്സ് മാറ്റാൻ പ്രഭു എന്ന തൊഴിലാളി മുകളിൽ കയറിയതിനിടെ കാത്തിരിപ്പു കേന്ദ്രം തകർന്നുവീഴുകയായിരുന്നു.
ഈ സമയം ബസ് കാത്തുനിൽക്കുകയായിരുന്ന അഭിഷ്നയുടെ കാലിൽ ഷെഡിന്റെ ഭാഗം പതിക്കുകയായിരുന്നു. പരസ്യം മാറ്റാനെത്തിയ പ്രഭുവിനും കാലിൽ നേരിയ പരിക്കേറ്റിട്ടുണ്ട്.
അപകട സമയത്ത് നാലോളം പേർ ബസ് കാത്തുനിന്നിരുന്നു എന്നും ഷെഡ് തകരുന്ന ശബ്ദം കേട്ട് മുന്നോട്ട് ഓടിമാറിയ അഭിഷ്നയുടെ കാലിൽ ഷെഡ് പതിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
കോളജിനു സമീപത്തു പ്രവർത്തിക്കുന്ന മീഞ്ചന്ത ഫയർ സ്റ്റേഷനിലെ ജീവനക്കാരും നാട്ടുകാരും ഓടിക്കൂടിയാണ് അഭിഷ്നയെ ഷെഡിനടിയിൽ നിന്ന് നീക്കി ആശുപത്രിയിലേക്ക് എത്തിച്ചത്.
ENGLISH SUMMARY:
Authorities at Kodali Government UP School in Thrissur claim that fallen wooden planks caused the ceiling to collapse, raising serious concerns about safety and infrastructure in public schools.