ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി
തൃശൂർ: ഗൾഫിൽ നിന്ന് നാട്ടിലെത്തിയ പ്രവാസിയെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി തേറാട്ടിൽ ജോർജിന്റെ മകൻ രാജു (52) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയും സുഹൃത്തുമായ പുത്തൂർ സ്വദേശി ഫ്രിന്റോ (42)യെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു.
ദുബായിലെ ഒരു കമ്പനിയിൽ ഇലക്ട്രീഷ്യനായ രാജു ഏപ്രിൽ 4-നാണ് നാട്ടിലെത്തിയത്. തിരിച്ചുപോകാനുള്ള ഒരുക്കങ്ങൾക്കിടെ സുഹൃത്തുക്കൾ ചേർന്ന് രാജുവിനായി വീട്ടിന് പിന്നിലെ ചെറിയ ഷെഡിൽ സത്‌കാരം സംഘടിപ്പിച്ചു.
ബുധനാഴ്ച രാത്രി നടന്ന പരിപാടിയിൽ അഞ്ചു സുഹൃത്തുക്കൾ പങ്കെടുത്തു. നാലുപേർ മടങ്ങിയതിനു പിന്നാലെ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കം സംഘട്ടനത്തിലേക്ക് വഴിമാറി. തുടർന്ന് ഫ്രിന്റോ മരപ്പലകകൊണ്ട് രാജുവിനെ അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.
സംഭവസ്ഥലത്തുതന്നെ രാജു മരിച്ചു. നിലവിളി കേട്ട് നാട്ടുകാർ എത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
English Summary
A Gulf returnee, Raju (52), was allegedly murdered by his friend during a farewell gathering in Thrissur. The accused, Frinto, attacked him following a drunken argument. Police have arrested the suspect and investigation is ongoing.









