നരിക്കുറവൻമാർ പിടികൂടിയ തത്തകൾ; 3 പേർ റിമാൻഡിൽ
ഇടുക്കി: തമിഴ്നാട്ടിൽ നിന്നും മൂന്ന് കൂട് നിറയെ തത്തകളുമായി എത്തി ഇടുക്കിയിൽ വിൽപന നടത്തി വന്ന മൂന്ന് സ്ത്രീകൾ പിടിയിൽ. കാഞ്ചിയാർ വനപാലകരാണ് തമിഴ്നാട് സ്വദേശികളായ ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 139 തത്തകളെ പിടിച്ചെടുത്തു.
പ്രകാശിൽ തമിഴ് സ്ത്രീകൾ തത്തകളെ വിൽപ്പന നടത്തുന്നതായി ഇടുക്കി ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതിൻറെ അടിസ്ഥാനത്തിൽ കാഞ്ചിയാർ സെക്ഷനിലെ വനപാലകർ നടത്തിയ പരിശോധനയിലാണ് തത്തകളെ വിൽപ്പന നടത്തുന്നത് കണ്ടെത്തിയത്.
തമിഴ്നാട് കോട്ടൂർ പുതുതെരുവ് സ്വദേശികളായ ജയാ വീരൻ, ഇലവഞ്ചി, കരൂർ, ഗാന്ധിഗ്രാം സ്വദേശി ഉഷ ചന്ദ്രശേഖരൻ എന്നിവരാണ് വനപാലകരുടെ പിടിയിലായത്. തമിഴ് നാട്ടിലെ പൊള്ളാച്ചി ഭാഗത്തുള്ള നരിക്കുറവൻമാരിൽ നിന്നും പലതവണയായി ശേഖരിച്ചതാണ് തത്തകളെയെന്നാണ് ഇവർ വനം വകുപ്പിന് മൊഴി നൽകി.
ജോഡിക്ക് നാനൂറ് മുതൽ അറുനൂറ് രൂപവരെ ഈടാക്കി വിൽപ്പന നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം. ഇത്തരത്തിൽ പായ്ക്ക് ചെയ്തു നൽകുന്നതിനുള്ള സാധനങ്ങളും കണ്ടെടുത്തിരുന്നു. ഇന്ത്യൻ വൈൽഡ് ലൈഫ് ആക്ട് പ്രകാരം ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെട്ട സംരക്ഷിത പക്ഷിയാണ് തത്തകൾ.
തത്തകളെ വിൽക്കുകയും വളർത്തുകയും ചെയ്യുന്ന കുറ്റത്തിന് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷയും ലഭിക്കാം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തത്തകളിൽ ആറെണ്ണം ചത്ത് പോയിരുന്നു. പിടികൂടിയതിൽ ബാക്കിയുള്ള 133 തത്തകളെ അടുത്ത ദിവസം വനത്തിൽ തുറന്നു വിടുമെന്ന് വനപാലകർ പറഞ്ഞു.
പിടിക്കുന്ന പാമ്പുകളെ തുറന്നു വിടുന്നില്ല; വിഷമെടുക്കൽ മാഫിയ പിടിമുറുക്കുന്നു
തിരുവനന്തപുരം: വീടുകളിൽ നിന്നടക്കം പിടിക്കുന്ന വിഷപ്പാമ്പുകളെ കള്ളക്കടത്ത് സംഘങ്ങൾക്ക് കൈമാറുന്നതായി റിപ്പോർട്ട്. വനം ഇന്റലിജൻസും വിജിലൻസുമാണ് രഹസ്യ റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.
വിഷമെടുക്കുന്നതിന് വേണ്ടിയാണ് പാമ്പുകളെ കടത്തുന്നത്. എന്നാലിത് എവിടെ നടക്കുന്നു എന്ന വിവരം റിപ്പോർട്ടിലില്ല. പക്ഷെ ഇക്കാര്യത്തിൽ തുടരന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ട്.
ചില വനം ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് പാമ്പ് കടത്തൽ. പിടിക്കുന്ന പാമ്പുകളെ കുറിച്ച് സർപ്പ ആപ്പിലോ ജി.ഡി രജിസ്റ്ററിലോ രേഖപ്പെടുത്താതെയാണ് കൈമാറ്റം നടക്കുന്നത്. മുമ്പും ഇതുസംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചിട്ടും വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
നേരത്തെ പാലോട് റേഞ്ചിലെ ഉദ്യോഗസ്ഥ പിടികൂടിയ വിഷപാമ്പുകളെ വനത്തിൽ തുറന്നുവിട്ടിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇവയെ വിഷംകടത്ത് സംഘങ്ങൾക്ക് കൈമാറിയെന്ന് സംശയമുണ്ടെന്നും അന്വേഷിക്കണമെന്നും ഇന്റലിജൻസ് അന്ന് ആവശ്യപ്പെട്ടിരുന്നു. തുടരന്വേഷണം നടത്തിയ വനം വിജിലൻസും ആരോപണം ശരിവച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട മേഖലകളിൽ നിന്ന് പാമ്പ് കടത്തുകാരെ പിടികൂടി ടെറിട്ടോറിയൽ വിഭാഗത്തിന് കൈമാറിയെങ്കിലും പിന്നീട് തുടരന്വേഷണമുണ്ടായില്ല. സംഘത്തിന്റെ മുൻ ഇടപാടുകളൊഴിവാക്കി അന്വേഷണം പൂർത്തിയാക്കുകയായിരുന്നു.
രാഷ്ട്രീയ – ഉദ്യോഗസ്ഥ സ്വാധീനത്തോടെ കള്ളക്കടത്തുകാർ അന്വേഷണം അട്ടിമറിച്ചെന്നാണ് ആരോപണം. പാമ്പുകളെ പിടികൂടുമ്പോഴും തുറന്നു വിടുമ്പോഴും വിവരം സർപ്പ ആപ്പിലും ആർ.ആർ.ടി രജിസ്റ്ററിലും രേഖപ്പെടുത്തണമെന്നാണ് ചട്ടം.
പിടികൂടുന്ന സ്ഥലത്തിന്റെയും തുറന്നുവിടുന്ന ഇടത്തിന്റെയും ജി.പി.എസ് വിവരങ്ങളും രേഖപ്പെടുത്തണമെന്നുണ്ടെങ്കിലും പലപ്പോഴും പാലിക്കാറില്ല. വിദേശത്തേക്ക് കടത്തുന്ന ഇരുതലമൂരിക്ക് ആറ് ലക്ഷം മുതൽ 25 ലക്ഷം വരെ അന്താരാഷ്ട്ര വിപണിയിൽ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങിയ പാമ്പുകളെ വിഷമെടുക്കാനാണ് കൈമാറുന്നത്. പാമ്പ് വിഷത്തിന് അന്താരാഷ്ട്ര വിപണിയിൽ കോടിക്കണക്കിന് രൂപയാണ് വില. ആന്റിവെനമടക്കമുള്ള മരുന്നുകളുടെ നിർമ്മാണത്തിനാണ് പാമ്പുവിഷം ഉപയോഗിക്കുന്നത്.
എന്നാൽ രാജ്യത്ത് പാമ്പുവിഷം ഉപയോഗിച്ചുള്ള മരുന്ന് ഉത്പാദനത്തിന് സ്വകാര്യ കമ്പനികൾക്ക് അനുമതിനൽകുന്നില്ല. കള്ളക്കടത്ത് സംഘങ്ങളുടെ സ്വാധീനം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ശക്തമാണെന്നും ഇന്റലിജൻസ് ചൂണ്ടിക്കാട്ടുന്നു.
English Summary
Forest officials in Kanchiyar, Idukki, arrested three women from Tamil Nadu for smuggling and selling 139 parrots. The parrots were seized during the operation