കോട്ടയം: നഗരസഭ ഉദ്യോഗസ്ഥൻ പെൻഷൻ ഫണ്ടിൽ നിന്നും തട്ടിയെടുത്തത് മൂന്നുകോടി രൂപ. കോട്ടയം നഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ നിന്നാണ് ഉദ്യോഗസ്ഥൻ പണം അടിച്ചുമാറ്റിയത്.Three crore rupees were stolen from the municipal council officer’s pension fund
സംഭവത്തിൽ കൊല്ലം മങ്ങാട് ആൻസി ഭവൻ അഖിൽ സി.വർഗീസിനെതിരെ കോട്ടയം നഗരസഭാ സെക്രട്ടറി ബി.അനിൽ കുമാർ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിനു പരാതി നൽകി.
നിലവിൽ വൈക്കം നഗരസഭയിൽ ക്ലർക്കായി ജോലി ചെയ്യുന്ന അഖിൽ സി വർഗീസ് കോട്ടയം നഗരസഭയിൽ ജോലി ചെയ്യുന്ന സമയത്താണ് തട്ടിപ്പ് നടത്തിയത്. കോട്ടയം നഗരസഭാ സെക്രട്ടറിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
വാർഷിക സാമ്പത്തിക കണക്കെടുപ്പിലാണ് വിവരം പുറത്തായത്. അഖിലിന്റെ അമ്മ പി.ശ്യാമളയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണമയച്ചത്. ഇതേ പേരിൽ ഒരാൾക്ക് നഗരസഭയിൽ നിന്നു പെൻഷൻ തുക അയച്ചിരുന്നതിനാൽ തട്ടിപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല.
യഥാർഥ പെൻഷൻകാരി മരിച്ചപ്പോൾ വിവരം റജിസ്റ്ററിൽ ചേർക്കാതെയാണ് തട്ടിപ്പ് നടത്തിയത്. ഈരാറ്റുപേട്ട നഗരസഭയിൽ നിന്നു സ്ഥലം മാറി 2020 മാർച്ച് 12 നാണ് അഖിൽ കോട്ടയത്ത് എത്തിയത്.
2023 നവംബറിൽ വൈക്കത്തേക്കു മാറ്റം ലഭിച്ചു. ഈ കാലയളവിലാണ് തിരിമറി നടന്നത്. വിദേശത്തേക്കു കടക്കാൻ സാധ്യതയുള്ളതിനാൽ അഖിലിന്റെ പാസ്പോർട്ട് മരവിപ്പിക്കണമെന്നും തുക തിരികെ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
പ്രാഥമികാന്വേഷണത്തിലാണ് 3 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയതെന്നും തുടർന്നുള്ള അന്വേഷണത്തിൽ കൂടുതൽ തട്ടിപ്പ് പുറത്തുവരുമെന്നും നഗരസഭാ അധികൃതർ ജില്ലാ പൊലീസ് മേധാവിക്കു മൊഴിനൽകി.
പിതാവിന്റെ മരണത്തെത്തുടർന്ന് ആശ്രിത നിയമനമായിട്ടാണ് കൊല്ലം കോർപറേഷനിൽ അഖിൽ ജോലിക്ക് പ്രവേശിച്ചത്. അവിടെ 40 ലക്ഷം രൂപ തിരിമറി നടത്തിയതിനു സസ്പെൻഷനിലായി.
പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ എൻജിഒ യൂണിയൻ അംഗം എന്ന നിലയിൽ ജോലിയിൽ തിരികെ പ്രവേശിച്ചു. താമസിയാതെ ഈരാറ്റുപേട്ടയിലേക്കു സ്ഥലംമാറ്റം തരപ്പെടുത്തി.
അമ്മ കൊല്ലം കോർപറേഷനിലെ താൽക്കാലിക ജീവനക്കാരിയായി വിരമിച്ചയാളാണ്. വിജിലൻസ് അന്വേഷണത്തിനും വകുപ്പുതല നടപടിക്കും നഗരസഭാ കൗൺസിൽ ശുപാർശ ചെയ്തെന്ന് നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു.