ബ്രിട്ടീഷ് സ്റ്റീൽസ് സ്‌കന്തോർപ്പിലെ രണ്ട് ബ്ലാസ്റ്റ് ഫർണസുകൾ അടച്ചുപൂട്ടാൻ തയാറെടുക്കുന്നതായി കണക്കുകൾ. ട്രംപ് യു.കെ.യിലെ സ്റ്റീൽ ഉത്പന്നങ്ങൾക്ക് ചുമത്തിയ താരിഫ് ആണ് ബ്രിട്ടീഷ് സ്റ്റീൽസിൽ പ്രതിസന്ധി സൃഷ്ടിച്ചത്.
2700 പേർക്കാണ് അടച്ചുപൂട്ടലോടെ തൊഴിൽ നഷ്ടപ്പെടുക. ഒരു ബില്യൺ പൗണ്ടിന്റെ സർക്കാർ സഹായം ലഭിക്കുമെന്ന് ബ്രിട്ടീഷ് സ്റ്റീൽസ് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച തുക ലഭിക്കാതെ വന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി.
ഇത്രയധികം ആളുകൾക്ക് ഉണ്ടാക്കുന്ന തൊഴിൽ നഷ്ടത്തെ വിനാശകരമായ വാർത്ത എന്നാണ് ജി.എം.ബി. യൂണിയൻ വിശേഷിപ്പിച്ചത്. യുണൈറ്റഡ് ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം അപമാനമെന്ന് വാർത്തയെ വിശേഷിപ്പിച്ചു.
2020 മുതൽ ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലാണ് ബ്രിട്ടീഷ് സ്റ്റീൽസിന്റെ പ്രവർത്തനം. പാരിസ്ഥിതിക പ്രശ്‌നങ്ങളും കമ്പനിയെ അലട്ടുന്നുണ്ട്. ഡീ കാർബണൈസ് ചെയ്യുന്നതിനായി മുഴുവൻ സ്റ്റീൽ നിർമാണവും ഇലക്ട്രിക് ആർക്ക് ഫർണസ് സംവിധാനത്തിലേക്ക് മാറാൻ കമ്പനി പദ്ധതിയിട്ടെങ്കിലും അതിനുള്ള പിന്തുണ സർക്കാർ നൽകിയില്ലെന്ന് കമ്പനി അധികൃതർ പറയുന്നു.
യു.കെയിൽ ദാരിദ്ര്യത്തിൽ കഴിയുന്ന കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നത്…! കാരണം….
വീട്ടുചെലവുകൾ ഉയർന്നതോടെ യു.കെ.യിൽ ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം കുത്തനെ ഉയർന്നതായി കണക്കുകൾ. മൊത്തം കുട്ടികളുടെ 31 ശതമാനവും ദാരിദ്ര്യം അനുഭവിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കുറഞ്ഞ വരുമാനക്കാരുടെ വീട്ടിലെ കുട്ടികൾ പലരും ഏതെങ്കിലും രീതിയിൽ ദാരിദ്ര്യം അനുഭവിക്കുന്നു എന്നാണ് ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസ് പുറത്തുവിട്ട കണക്ക് പറയുന്നത്.
2021 മുതലാണ് ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം കുത്തനെ വർധിച്ചത്. 2029 -30 ൽ 4.8 മില്യൺ കുട്ടികൾ ദാരിദ്രത്തിലാകുമെന്ന് ചൈൽഡ് പൊവർട്ടി ആക്ഷൻ ഗ്രൂപ്പും പറയുന്നു.
ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതാണ് കുട്ടികളുടെ ദാരിദ്ര്യം വർധിക്കാൻ കാരണമായത്. സൗജന്യ സ്‌കൂൾ ഭക്ഷണ അവകാശത്തിലൂടെയേ കുട്ടികളുടെ ദാരിദ്ര്യ നിരക്ക് കുറയ്ക്കാൻ കഴിയൂവെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ പറയുന്നു.