ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത് സംബഞ്ചിച്ച് അടുത്ത കുറെ നാളുകളായി കേരളത്തിൽ അനിശ്ചിതത്വങ്ങൾ തുടരുകയാണ്. എന്നാൽ ഇതിനൊരു പരിഹാരവുമായി മോട്ടോർ വാഹന വകുപ്പ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കെ.എസ്.ആർ.ടി.സിയുടെ സ്ഥലങ്ങൾ കരാറിനെടുത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടൊരുക്കാനാണു മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. ജില്ലയിലെ വിവിധ ഡിപ്പോകളുടെ സമീപത്ത് കിടക്കുന്ന സ്ഥലങ്ങൾ ഇത്തരത്തിൽ ഏറ്റെടുത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ വേദിയൊരുക്കാനാണ് നീക്കം. 10 സെന്റ് വീതം സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ച ചർച്ചകൾ ഏകദേശം പൂർത്തിയായി. കൂടുതൽ ഡിപ്പോകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചർച്ചകളും ആരംഭിച്ചുകഴിഞ്ഞു.
ഹ്രസ്വകാല കരാർ അടിസ്ഥാനത്തിലായിരിക്കും സ്ഥലങ്ങൾ ഏറ്റെടുക്കുക. നിലവിൽ മൂന്നിടങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റ് പ്ലാറ്റ് ഫോം എം.വി.ഡി ഒരുക്കും. തേവര, പറവൂർ, അങ്കമാലി എന്നീ ഡിപ്പോകളിലെ സ്ഥലങ്ങളാണ് ലഭ്യമാക്കുക. ഹ്രസ്വകാല കരാർ നിലവിൽ വന്നാൽ രണ്ടു മാസത്തിനകം ആധുനിക ടെസ്റ്റ് ഗ്രൗണ്ടൊരുക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇതൊക്കെയാണെങ്കിലും സൗകര്യങ്ങൾ ഒരുക്കാനുള്ള ഫണ്ട് സർക്കാരിൽ നിന്ന് ലഭ്യമാക്കുക എന്നതാണ് ഏറ്റവും വലിയ കടമ്പ.