കോഴിക്കോട് : ട്രാഫിക് സിഗ്നലില്‍ ചുവപ്പ് തെളിയുമ്പോള്‍ ഫ്രീ ലെഫ്റ്റ് സൗകര്യം ഇതര വാഹനങ്ങള്‍ തടയരുതെന്ന് മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം. ഇത്തരത്തില്‍ ഗതാഗതം തടയുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷന്‍ ആക്ടിംഗ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജു നാഥ് ഉത്തരവില്‍ വ്യക്തമാക്കി.
കോഴിക്കോട് ആര്‍.ടി.ഒയും സിറ്റി പൊലീസ് കമ്മിഷണറും ഇത്തരം നിയമലംഘനങ്ങള്‍ പരിശോധിച്ച് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിൽ പറയുന്നു. സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
ഇത്തരത്തിലുള്ള തടസം നേരിടുമ്പോൾ ചുട്ടുപൊള്ളുന്ന വെയിലില്‍ ഇരുചക്ര വാഹന യാത്രക്കാര്‍ പെട്ടുപോകുകയാണ്. ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. സിവില്‍ സ്റ്റേഷനില്‍ നിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ ഇടതുവശം ചേര്‍ത്ത് നിര്‍ത്തി ഗതാഗതം മുടക്കുന്നതും പതിവാണ്. ഇത്തരത്തില്‍ എല്ലാ ജംഗ്ഷനുകളിലും നിയമ ലംഘനം നടക്കുന്നുവെന്നാണ് പരാതി.
എരഞ്ഞിപ്പാലം, കാരപറമ്പ് , തൊണ്ടയാട്, ക്രിസ്ത്യന്‍ കോളേജ് ,ചേവരമ്പലം , പുതിയറ , മാവൂര്‍ റോഡ് തുടങ്ങിയ ജംഗ്ഷനുകളിലെ ട്രാഫിക് ലൈറ്റില്‍ ചുവപ്പ് തെളിയുമ്പോള്‍ ചില വാഹനങ്ങള്‍ ഇടതു ഭാഗം ചേര്‍ത്തു നിര്‍ത്തി വഴി തടസപ്പെടുത്തുന്നുവെന്ന പരാതിയിലാണ് നടപടി. മേയ് 17 ന്കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.