മലപ്പുറം: കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി പികെ കുഞ്ഞനന്തന്റെ മരണത്തിലാണ് കെ.എം ഷാജിയുടെ ദുരൂഹത ആരോപണം. കുഞ്ഞനന്തൻ ഭക്ഷ്യ വിഷബാധയേറ്റാണ് മരിച്ചത്. കുഞ്ഞനന്തനെ മാത്രം നോക്കിയാൽ പോരാ. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്. ഫസലിനെ കൊന്ന മൂന്നുപേർ മൃഗീയമായി കൊല്ലപ്പെട്ടിട്ടുണ്ട്. അവർ കൊന്ന് കഴിഞ്ഞ് വരും. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും. ഫസൽ കൊലപാതകക്കേസിലെ മൂന്നുപേരെ കൊന്നത് സിപിഎമ്മാണ്. ശുക്കൂർ വധക്കേസിലെ പ്രധാന പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ടിപി കൊലക്കേസിൽ അന്വേഷണം നേതാക്കൻമാരിലേക്ക് എത്താൻ കഴിയുന്ന ഏക കണ്ണി കുഞ്ഞനന്തനാണെന്നും കെഎം ഷാജി പറഞ്ഞു. ടിപി കൊലക്കേസിൽ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനായിരുന്നു. മലപ്പുറം കൊണ്ടോട്ടി മുസ്‌ലീം ലീഗ് മുനിസിപ്പൽ സമ്മേളന വേദിയിലാണ് കെഎം ഷാജിയുടെ വിവാദ പ്രസംഗം.