അടുത്തകാലത്ത് നേഴ്സുമാർക്ക് എതിരെയും യുകെയിൽ ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. ഈ അടുത്തിടെയാണ് ഡ്യൂട്ടിക്കിടെ മലയാളി നേഴ്സ് ആക്രമണത്തിനിരയായത്. ഇത്തരം സാഹചര്യങ്ങൾ പതിവായതോടെ വ്യത്യസ്തമായ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ലണ്ടനിലെ ഈ ആശുപത്രി.
നഴ്സുമാർക്ക് എതിരായ അതിക്രമങ്ങള്‍ കുറയ്ക്കുന്നതിനായി ലണ്ടനിലെ ഒരു പ്രമുഖ ആശുപത്രിയിലെ നഴ്സുമാര്‍ ബോഡി ക്യാമറ ധരിക്കാന്‍ തുടങ്ങി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
അക്രമാസക്തവും പ്രകോപനപരവുമായ സമീപനം രോഗികളില്‍ നിന്നും ജീവനക്കാര്‍ക്ക് നേരെയുണ്ടാകുന്നത് വര്‍ദ്ധിച്ചു വരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് റോയല്‍ ഫ്രീ ലണ്ടന്‍ എന്‍ എച്ച് എസ് ട്രസ്റ്റ് ആണ് ഇത്തരമൊരു നടപടിക്ക് മുതിർന്നത്.
തൊഴിലിടത്ത് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ശരീരത്തില്‍ ധരിക്കാവുന്ന ക്യാമറകള്‍ നല്‍കിയതെന്ന് ആശുപത്രിയുടെ സുരക്ഷാ വിഭാഗം മേധാവി അറിയിച്ചു.
വളരെ ചെറിയ ഈ ക്യാമറകള്‍ നഴ്സുമാരുടെ യൂണിഫോമിലെ മുന്‍ഭാഗത്തെ പോക്കറ്റിലായിരിക്കും ഘടിപ്പിക്കുക. ഈ ക്യാമറയുടെ സ്വിച്ചിൽ ഒറ്റത്തവണ അമര്‍ത്തുക മാത്രം ചെയ്ത് ഓഡിയോയും വീഡിയോയും റെക്കോര്‍ഡ് ചെയ്യാവുന്നതാണ്. അല്ലാത്ത സമയങ്ങളില്‍ ഇവ സ്ലീപ് മോഡിലായിരിക്കും.
2024 ല്‍ ഈ ട്രസ്റ്റിനു കീഴിലുള്ള ആശുപത്രികളിൽ ജീവനക്കാര്‍ക്കെതിരെ 2,834 കൈയ്യേറ്റ ശ്രമങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ 91 ശതമാനവും അക്രമാസക്തവും പ്രകോപന പരവുമായിരുന്നു.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ പരമാവധി കുറയ്ക്കുക എന്നതാണ് ബോഡി ക്യാമറ ഉപയോഗിക്കുക വഴി ലക്ഷ്യമിടുന്നതെന്നും മേധാവി പറഞ്ഞു.
സെയിന്റ് പാങ്ക്രാസ് ഹോസ്പിറ്റലിലെ മേരി റാന്‍കിന്‍ യൂണിറ്റിലും, റോയല്‍ ഫ്രീ ഹോസ്പിറ്റല്‍, ബാര്‍ണെറ്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ അടിയന്തിര ചികിത്സാ വിഭാഗങ്ങളിലും ജോലി ചെയ്യുന്ന നഴ്സുമാര്‍ ആയിരിക്കും പ്രധാനമായും ഈ ക്യാമറകള്‍ ഉപയോഗിക്കുക. നേഴ്സുമാർക്കെതിരായ അക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് വളരെയേറെ പ്രയോജനം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
.