ആലപ്പുഴ: വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം വിസി 490987 എന്ന ടിക്കറ്റിനാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആ ഭാഗ്യവാനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മലയാളികൾ. 12 കോടിരൂപ സമ്മാനം അടിച്ച ടിക്കറ്റ് വിറ്റത് ഒരു പെട്ടിക്കടയിൽ നിന്നാണ്. ആലപ്പുഴയിലെ പഴവീട് എന്ന സ്ഥലത്ത് പെട്ടിക്കട നടത്തുന്ന ജയയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. താൻ വിറ്റ ടിക്കറ്റുകളിൽ ഏറെയും വാങ്ങിയത് പ്രദേശവാസികൾ തന്നെയാണെന്നും മറ്റു ചിലരും ടിക്കറ്റ് വാങ്ങിയിരുന്നെന്നും എന്നാൽ, ആരാണ് ആ ഭാഗ്യവാൻ എന്ന് അറിയില്ലെന്നുമാണ് ജയ പറയുന്നത്.
തൃക്കാർത്തിക എന്ന ഏജൻസിയിലെ അനിൽ കുമാർ എന്ന ഏജന്റിൽ നിന്നും നിന്നും ചില്ലറ വില്പനക്കാരി ജയ വാങ്ങി വിറ്റ ടിക്കറ്റിനാണ് 12 കോടി അടിച്ചത്. പത്തെണ്ണമുള്ള ഒരു ലോട്ടറി ബുക്കാണ് ജയ വാങ്ങിയത്. കഴിഞ്ഞ ആഴ്ചയാണ് ബമ്പർ വിൽക്കാൻ ഇട്ടതെന്നാണ് ജയ പറയുന്നത്. നാലാന്ന് വിറ്റും തീർന്നു. അനിൽ കുമാറിന്റെ പക്കൽ നിന്നും പതിനെട്ടിനാണ് ടിക്കറ്റ് വാങ്ങിയത്. ബമ്പറിന്റെ ഒരു ബുക്ക് മാത്രമെ എപ്പോഴും താൻ വിൽക്കാറുള്ളൂ എന്നും ജയ പറയുന്നു.
മുപ്പതിനായിരം രൂപയൊക്കെ ജയ വിൽക്കുന്ന ടിക്കറ്റുകൾക്ക് മുമ്പും അടിച്ചിട്ടുണ്ട്. ജനുവരി മുതൽ മിക്ക മാസവും മുപ്പതിനായിരം വച്ച് അടിക്കാറുണ്ട്. കഴിഞ്ഞ ദിവസവും ജയയുടെ കടയിൽ നിന്നും വാങ്ങിയ ടിക്കറ്റിന് സമ്മാനം അടിച്ചിരുന്നു. തന്റേത് ഒരു ലക്കി കടയാണെന്ന് ജയ പറയുന്നു. കഴിഞ്ഞ പതിനാറ് വർഷമായി ലോട്ടറി വിൽപ്പന നടത്തുന്നുന്ന ജയക്ക് വലിയ മോഹങ്ങൾ ഒന്നുമില്ല. പന്ത്രണ്ട് ലക്ഷത്തിന്റെ കടം ഉണ്ട്. വീടിന്റെ ലോൺ, മകന്റെ പഠിത്തം തുടങ്ങിയവയാണ് ലക്ഷ്യം.
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ BR 97 ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. പന്ത്രണ്ട് കോടിയാണ് വിഷു ബമ്പറിൻറെ ഒന്നാം സമ്മാനം.