തിരുവനന്തപുരത്തെ അപകടം; രണ്ട് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ നടപടിയെടുത്ത് തിരുവനന്തപുരം എൻഫോസ്‌മെന്റ് ആർടിഒ. അപകടമുണ്ടാക്കിയ രണ്ട് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
വാഹനമോടിച്ച എകെ വിഷ്ണുനാഥ്, ഡ്രൈവിംഗ് പരിശീലനം നൽകിയ വിജയൻ കെ എന്നിവരുടെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്. ഒരു വർഷത്തേക്കാണ് നടപടി.
ഇതിനു പുറമെ ഇരുവരെയും എടപ്പാളിലെ എംവിഡി ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിന് അയക്കാനും ഉത്തരവിട്ടിട്ടുണ്ട്. തിരുവനന്തപുരം ജനറൽ ആശുപത്രിയ്ക്ക് സമീപം ഇന്നലെയാണ് അപകടം നടന്നത്.
ഡ്രൈവിംഗ് പരിശീലനത്തിനിടെ കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 5 പേർക്ക് പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റവരിൽ രണ്ട് പേർ ഓട്ടോ ഡ്രൈവർമാരാണ്.
കൂടാതെ രണ്ട് വഴിയാത്രക്കാർക്കും പരിക്കേറ്റിരുന്നു. വട്ടിയൂർക്കാവ് സ്വദേശി വിഷ്ണുനാഥ് ഡ്രൈവിങ്ങ് പരിശീലിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണമായത്.
കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ചു
കോട്ടയം: കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കോട്ടയം കിടുങ്ങൂരിലാണ് അപകടമുണ്ടായത്. ഇടുക്കി ബൈസണ്‍വാലി സ്വദേശി സാജി സെബാസ്റ്റ്യന്‍ (58) ആണ് മരിച്ചത്.
അപകടത്തിൽ കാറിലുണ്ടായിരുന്ന സെബാസ്റ്റ്യന്റെ ഭാര്യയ്ക്കും കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നതാണ് പ്രാഥമിക നിഗമനം. കാര്‍ പൊളിച്ച ശേഷമാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്.
കാറും ആംബുലൻസും കൂട്ടിയിടിച്ച് അപകടം
കുന്നംകുളം: ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തൃശ്ശൂര്‍ കാണിപ്പയ്യൂര്‍ കുരിശുപള്ളിക്ക് സമീപത്തു വെച്ചാണ് അപകടമുണ്ടായത്.
ആംബുലന്‍സിലുണ്ടായിരുന്ന രോഗി കണ്ണൂര്‍ സ്വദേശി കുഞ്ഞിരാമന്‍ (87), കാർ യാത്രക്കാരിയായ കുന്നംകുളം സ്വദേശി പുഷ്പ (55) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച നാലോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുന്നംകുളത്ത് നിന്ന് ചൂണ്ടല്‍ ഭാഗത്തേക്ക് പോയിരുന്ന കാറും കണ്ണൂര്‍ ഭാഗത്തേക്ക് പോയിരുന്ന ആംബുലന്‍സും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിന്റ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. റോഡിന്റെ വലതുഭാഗത്ത് കൂടി പാഞ്ഞെത്തിയ കാര്‍ ആംബുലന്‍സില്‍ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് റോഡിന് കുറുകേ മറിഞ്ഞു. കൂടാതെ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന ആളുകള്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചത്.
Summary: Thiruvananthapuram General Hospital accident: Enforcement RTO suspends licences of driver AK Vishnunath and trainer Vijayan K following the recent vehicle mishap in front of the hospital.