ഏവരെയും പൊട്ടി ചിരിപ്പിക്കാനും ,ചിന്തിപ്പിക്കാനും കഴിവുള്ള സംവിധായകൻ ആണ് മിഥുൻ മാനുവൽ. മലയാളിയെ ചിരിപ്പിച്ചു കിടത്തിയ ആട് സീരിസ് ,ത്രില്ലടിപ്പിച്ച് നെഞ്ചിടിപ്പ് കൂട്ടിയ അഞ്ചാംപാതിര , ഇവ മാത്രം മതി ഇദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കാൻ .ഇതിന് പുറമെ ഓം ശാന്തി ഓശാന, ഗരുഡൻ, ഫീനിക്സ്, തുടങ്ങിയവയെല്ലാം മിഥുൻ തിരക്കഥ രചിച്ച ചിത്രങ്ങളാണ്. വീണ്ടുമിതാ അബ്രഹാം ഓസ്‌ലർ’ എന്ന പുത്തൻ ചിത്രവുമായി മിഥുൻ മാനുവൽ തിയേറ്ററുകളിലേക്കെത്തുകയാണ്. ജനുവരി 11ന് ആണ് ചിത്രത്തിന്റെ റിലീസ്. സിനിമാപ്രേമികൾക്ക് ഏറെ പ്രതീക്ഷയുള്ളതാണ് സിനിമ.ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത് . അഞ്ചാം പാതിരക്ക് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങി സവിശേഷതകൾ ഏറെ . അതേസമയം, അബ്രഹാം ഓസ്‌ലറിൽ ജയറാമിന് പുറമെ അനശ്വര രാജനും, അർജുൻ അശോകനും, സൈജു കുറുപ്പും ഒന്നിക്കുന്നുണ്ട്. ഇർഷാദ് എം. ഹസനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
ഇപ്പോഴിതാ തന്റെ തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങുന്ന മറ്റ് സിനിമകളെ കുറിച്ചാണ് മിഥുൻ മാനുവൽ സംസാരിച്ചിരിക്കുന്നത്. മിഥുന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ‘ടർബോ’. പ്രഖ്യാപിച്ചത് മുതൽ ഹൈപ്പ് നേടിയ ചിത്രമാണ് ടർബോ. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ ആക്ഷൻ കോമഡി ജോണറിൽ പെടുന്ന സിനിമയാണ്.”ആദ്യമായാണ് അത്തരമൊരു ജോണറിലൊരു തിരക്കഥ എഴുതുന്നത്. മമ്മൂക്ക-വൈശാഖ് ടീമിന്റെ കൂടെ ടീം ടർബോയിൽ വർക്ക് ചെയ്യാനാകുന്നു എന്നതിൽ സന്തോഷമുണ്ട്. ഹിറ്റ് കോമ്പോ ആയതിനാൽ പ്രേക്ഷകർക്കിടയിലും ആ ഹൈപ്പുണ്ടാകും എന്ന് എനിക്കറിയാം.”അതിനാൽ പ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷമാക്കാൻ പറ്റുന്ന സിനിമയായി ‘ടർബോ’ മാറുമെന്നാണ് ഞങ്ങളുടെ എല്ലാവരുടെയും പ്രതീക്ഷ” എന്നാണ് മിഥുൻ പറയുന്നത്.
മാത്രമല്ല ‘ആട് 3’ തനിക്ക് വലിയ സമ്മർദ്ദമാണ് തരുന്നതെന്നും മിഥുൻ വ്യക്തമാക്കി.എത്ര സിനിമകൾ ചെയ്താലും എവിടെ പോയാലും എല്ലാവരും ചോദിക്കുന്നത് ആട് 3 എപ്പോൾ വരും എന്നാണ്. കാരണം കുട്ടികളടക്കം വലിയൊരു ഫാൻ ബേസുള്ള ഫ്രാഞ്ചൈസി ആണത്. തിരക്കഥ നല്ല രീതിയിൽ പൂർത്തിയാക്കാൻ സാധിച്ചാൽ ആട് 3 സമീപ ഭാവിയിൽ തന്നെ ചെയ്യണം എന്നൊരു ആഗ്രഹമുണ്ട്” എന്നാണ് മിഥുൻ മാനുവൽ പറയുന്നത്.