കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ ടെസ്റ്റിനിടെ പങ്കാളിയുടെ സഹായം തേടി എച്ച് എടുക്കാൻ നോക്കിയ യുവതിക്ക് കിട്ടിയത് എട്ടിൻ്റെ പണി. യുവതിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടർ താക്കീത് നൽകി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഫോര്‍ വീലര്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള ടെസ്റ്റ് ആണ്
ഗ്രൗണ്ടിൽ നടക്കുന്നത്. എച്ച് എടുക്കുന്നതിനിടെ വണ്ടിയിലും മുന്നിലും മിററിലുള്‍പ്പടെ ശ്രദ്ധിക്കാതെ യുവതി ഗ്രൗണ്ടിന് പുറത്തേക്ക് നോക്കുന്നത് കണ്ടതോടെ ഇവരെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിരീക്ഷിക്കാന്‍ തുടങ്ങി.
ഗ്രൗണ്ടിന് പുറത്തുനിന്ന യുവാവ് നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പെണ്‍കുട്ടി എച്ച് എടുത്തത്. വിജയകരമായി എച്ച് എടുത്തെങ്കിലും ഇവര്‍ ടെസ്റ്റില്‍ പരാജയപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാരണം ചോദിച്ചപ്പോഴാണ് പുറത്തുനിന്നുള്ളവരുടെ സഹായമുണ്ടെങ്കില്‍ ഡ്രൈവിങ് ടെസ്റ്റില്‍ വിജയിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
യുവതിയുടെ നവവരനായിരുന്നു ടെസ്റ്റിനിടെ സഹായവുമായെത്തിയത്. നിയമവിരുദ്ധമായി ടെസ്റ്റ് പാസാകാന്‍ നീക്കം നടത്തിയ ഇരുവര്‍ക്കുമെതിരെ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഒരുങ്ങിയെങ്കിലും ഒടുവിൽ നടപടിയില്‍ നിന്ന് ഒഴിവാകാന്‍ ഇരുവരും മാപ്പ് എഴുതി നല്‍കുകയായിരുന്നു