രണ്ടു ഭാര്യമാരുടെയും സമ്മതത്തോടെ മൂന്നാമതും വിവാഹം കഴിച്ച യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ആന്ധ്രാ സ്വദേശിയായ സഗേനി പാണ്ഡണ്ണ എന്ന യുവാവിന്റെ മൂന്നാം വിവാഹമാണ് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.The young man who got married for the third time with the consent of both his wives is now the star of social media
ആദ്യത്തെ രണ്ട് ഭാര്യമാരുടെ സമ്മതത്തോടെയും ആശംസയോടെയുമാണ് മൂന്നാം വിവാഹം നടന്നത്. സഗേനിയുടെ മൂന്നാമത്തെ വിവാഹത്തിന്റെ ബോർഡ് വച്ചിരിക്കുന്നതിൽ ആശംസ അർപ്പിച്ചുകൊണ്ട് ആദ്യത്തെ രണ്ട് ഭാര്യമാരുടെയും ചിത്രങ്ങൾ കാണാം.
ആന്ധ്രാപ്രദേശിലെ അല്ലുരി സീതാരാമ രാജു ജില്ലയിലെ ഗുല്ലേലു ഗ്രാമത്തിൽ താമസിക്കുന്നയാളാണ് സഗേനി പാണ്ഡണ്ണ. തൻ്റെ ആദ്യ ഭാര്യ പാർവതമ്മയെ 2000 -ത്തിലാണ് അദ്ദേഹം വിവാഹം കഴിക്കുന്നത്. എന്നാൽ, ഇവർക്ക് കുട്ടികളുണ്ടായിരുന്നില്ല. അങ്ങനെ, പാർവതമ്മയുടെ സമ്മതത്തോടെ 2007 -ൽ അപ്പളമ്മയെ വിവാഹം കഴിച്ചു.
ഒരു കുട്ടി കൂടി വേണം എന്ന് തോന്നിയപ്പോൾ സഗേനിയോട് രണ്ടാമത്തെ ഭാര്യയാണത്രെ വീണ്ടും ഒരു വിവാഹം കൂടി കഴിക്കാൻ പറയുന്നത്. അങ്ങനെ, കില്ലംകോട്ട ഗ്രാമത്തിലെ ബന്ധവീഥിയിൽ നിന്നുള്ള ലക്ഷ്മി എന്ന ലാവ്യയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് സാഗേനി പറഞ്ഞു.
പാർവതമ്മയും അപ്പളമ്മയും അതിന് സമ്മതം അറിയിക്കുകയും ചെയ്തു. സമ്മതമറിയിച്ചതുകൊണ്ട് തീർന്നില്ല, ലാവ്യയുടെ വീട്ടിൽ പോയി തങ്ങളുടെ ഭർത്താവിന് വേണ്ടി ആ ബന്ധം പറഞ്ഞുറപ്പിക്കുകയും ചെയ്തു.
ജൂൺ 25 -ന് രണ്ട് വീട്ടുകാരുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. വിവാഹം കഴിഞ്ഞതോടെ ഇത് നാട്ടിൽ വലിയ ചർച്ചയായി. അതോടെ, ഇവർ ആർക്കും അധികമറിയാത്ത മറ്റൊരു പ്രദേശത്തേക്ക് താമസം മാറി.
ഒരാൾക്ക് ആദ്യഭാര്യ ഉണ്ടായിരിക്കെ തന്നെ രണ്ടും മൂന്നും വിവാഹം കഴിക്കാമോ എന്ന കാര്യവും ചർച്ചയായി. സാഗേനിയുടെ ഗോത്രത്തിൽ അത് സാധ്യമാണ് എന്ന് പറഞ്ഞവരുണ്ട്. മറ്റ് രണ്ട് ഭാര്യമാർക്കും പ്രശ്നമില്ലാത്തിടത്തോളം കാലം അവർ നന്നായി ജീവിക്കട്ടെ നാട്ടുകാർക്കെന്താ എന്ന് ചോദിച്ചവരും ഉണ്ട്.