110 കെ.വി വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. കൈയില്‍ പെട്രോള്‍ നിറച്ച കുപ്പിയുമായിട്ടാണ് യുവാവ് സാഹസം കാട്ടിയത്. മൂന്നര മണിക്കൂറിനു ശേഷം നാട്ടുകാരെയും അധികൃതരെയും മുൾമുനയിൽ നിർത്തിയ യുവാവ് ഒടുവിൽ തന്റെ ആവശ്യം അംഗീകരിച്ചതോടെ താഴെയിറങ്ങി. വെള്ളിയാഴ്ച രാത്രി 9.30-നായിരുന്നു യുവാവ് ടവറില്‍ കയറിയത്. നീണ്ട പരിശ്രമത്തിനു ശേഷം ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ഇയാളെ താഴെയെത്തിച്ചത്. മാലക്കോട് പറക്കോട് വീട്ടില്‍ രതീഷ് ദിവാകരന്‍ (39) ആണ് ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. താന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ സ്ഥലത്ത് എത്തിച്ചാല്‍ മാത്രമേ താഴെ ഇറങ്ങൂ എന്നായിരുന്നു ഇയാളുടെ നിലപാട്. ഒടുവിൽ രതീഷ് പറഞ്ഞ പെണ്‍കുട്ടിയെ പോലീസ് സ്ഥലത്തെത്തിച്ച ശേഷമാണ് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്. യുവാവിനെതിരെ കേസ്സെടുത്തു.