തൃശ്ശൂർ: സ്വകാര്യ ബസില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ് യുവതിക്ക് പരിക്കേറ്റു. ചേറ്റുവ പച്ചാമ്പുള്ളി വീട്ടില്‍ ഗ്രീഷ്മയ്ക്കാണ് (26) പരിക്കേറ്റത്. മുൻ വാതില്‍ അടയ്ക്കാതെ ഓടികൊണ്ടിരുന്ന ബസിൽ നിന്നാണ് യുവതി തെറിച്ചു വീണത്.
ഗുരുവായൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എസ്.എന്‍.ട്രാന്‍സ്‌പോര്‍ട്ട് എന്ന ബസില്‍നിന്നാണ് ഗ്രീഷ്മ തെറിച്ചുവീണത്. തിങ്കളാഴ്ച വൈകുന്നേരം 3.45ഓടെയാണ് അപകടമുണ്ടായത്.
ചാവക്കാട് ബസ് സ്റ്റാന്‍ഡില്‍നിന്ന് ആളെ കയറ്റിയ ബസ് തെക്കെ ബൈപ്പാസിലെ വളവിലെത്തിയപ്പോഴാണ് തുറന്നു കിടന്നിരുന്ന മുന്‍വാതിലിലൂടെ ഗ്രീഷ്മ പുറത്തേക്ക് തെറിച്ചുവീണത്.
മുഖത്തും കൈയ്ക്കും താടിയെല്ലിനും പരിക്കേറ്റ ഗ്രീഷ്മയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. മലപ്പുറം ജില്ലയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സാണ് ഗ്രീഷ്മ. ജോലി ചെയ്യുന്ന ബിയ്യം ഹെല്‍ത്ത് സെന്ററില്‍നിന്ന് ചേറ്റുവയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
The woman was injured after falling out of the private bus