സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ബുധനാഴ്ച രാത്രി നാശം വിതച്ചത് ഗസ്റ്റി വിൻഡ് വിഭാഗത്തിലെ കാറ്റാണെന്ന് കാലാവസ്ഥാ വകുപ്പ് . നിമിഷ നേരം കൊണ്ട് ശക്തിപ്രാപിച്ച് അവസാനിക്കുന്ന വിഭാഗത്തിൽപ്പെടുന്ന കാറ്റാണിത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെയായിരുന്നു കാറ്റിന്റെ വേഗം. The wind ‘Gusty Wind’ wreaked havoc in the state last night
അറബിക്കടലിനു മുകളിൽ ലക്ഷദ്വീപിനു സമീപത്തായി രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ ഫലമായാണ് മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗം പ്രാപിച്ച കാറ്റ് വീശിയതെന്നു തിരുവനന്തപുരത്തെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ നീത കെ.ഗോപാൽ പറഞ്ഞു.
അസാധാരണമായ കാറ്റിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിന് സമീപമുണ്ടായ അന്തരീക്ഷച്ചുഴിയിൽ രൂപപ്പെട്ട മിന്നലോടു കൂടിയ മഴയെത്തുടർന്നാണ് കാറ്റ് ഉണ്ടായത്.
50 കിലോമീറ്ററിലേറെ വേഗതയുണ്ടായതിനെ തുടർന്നാണ് മരങ്ങൾ കടപുഴകി വീണത്. അന്തരീക്ഷച്ചുഴി കേരള തീരത്തിന്റെ വടക്കു ദിശ ലക്ഷ്യമാക്കി നീങ്ങുന്നതിനാൽ കാറ്റിന്റെ സ്വാധീനം നിലനിൽക്കും. എന്നാൽ പ്രത്യേക ജാഗ്രതയുടെ ആവശ്യമില്ല.
തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റ് ദുർബലമായിട്ടും കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ കാരണമായത് ചക്രവാതച്ചുഴികളാണ്. ലക്ഷദ്വീപിനു സമീപത്തെ ചക്രവാതച്ചുഴി കടലിലേക്ക് അകന്നു പോകുന്നതിനാൽ ഇന്നു മുതൽ മഴ കുറയും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ അനുമാനം.