തിരുവനന്തപുരം: ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പാചകച്ചെലവ് ഇനത്തിൽ ലഭിക്കാനുള്ള തുക അനുവദിക്കാത്തത് പ്രഥമാധ്യാപകരെ കടക്കെണിയിലാക്കുന്നു. സംസ്ഥാന വിഹിതമായ 70 കോടി രൂപയും കേന്ദ്ര വിഹിതമായ 40 കോടിയും ഉൾപ്പെടെ 110 കോടി രൂപയാണ് അനുവദിക്കാനുള്ളത്. പാചകത്തൊഴിലാളികളുടെ കൂലി ഫെബ്രുവരിയിൽ 1000 രൂപ കുറച്ചാണ് അനുവദിച്ചത്.
മാർച്ചിലെ കൂലി അനുവദിച്ചിട്ടുമില്ല. ഇതോടെ പാചകത്തൊഴിലാളികളുടെ കുടുംബത്തിന് പെരുന്നാൾ, വിഷു ആഘോഷങ്ങൾ ദുരിതത്തിലാകും. കുട്ടിയൊന്നിന് ആറു മുതൽ എട്ടു രൂപ വരെയാണ് സർക്കാർ അനുവദിക്കുന്നത്. അവശ്യ വസ്തുക്കളുടെ വില വർധിച്ചിട്ടും നിരക്ക് വർധിപ്പിക്കാൻ സർക്കാർ തയാറായിട്ടില്ല. കേന്ദ്ര വിഹിതത്തിൽ വർധന വരുത്തിയെങ്കിലും ഇതുവരെ സ്കൂളുകൾക്ക് ലഭ്യമായിട്ടില്ല. പ്രഥമാധ്യാപകർ കൈയിൽനിന്ന് പണമെടുത്തും സഹാധ്യാപകരോടും മറ്റും കടം വാങ്ങിയും ആണ് ഉച്ചഭക്ഷണ പദ്ധതി തുടരുന്നത്.
പോഷകാഹാര പദ്ധതിയുടെ ഭാഗമായ മുട്ട, പാൽ വിതരണത്തിന് ഇതുവരെ തുക അനുവദിച്ചിട്ടില്ല. ലഭ്യമാകേണ്ട തുക പോലും സമയത്ത് കിട്ടാത്തതിനാൽ പ്രഥമാധ്യാപകരുടെ കടബാധ്യത വർധിച്ചു. ഓരോ മാസവും തുക അഡ്വാൻസായി അനുവദിക്കണമെന്നാണ് പ്രഥമാധ്യാപകരുടെ മുഖ്യ ആവശ്യം.
ഉച്ചഭക്ഷണ, പാചകച്ചെലവ് അനുവദിക്കാത്തതിൽ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) പ്രതിഷേധിച്ചു. തുക അനുവദിക്കാൻ അടിയന്തര നടപടി ഉണ്ടാകുന്നില്ലെങ്കിൽ വീണ്ടും ഹൈകോടതിയെ സമീപിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ പറഞ്ഞു.