ന്യൂഡൽഹി: രാജ്യത്തിന്റെ ഗതാഗതമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സുപ്രധാന വികസന പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ.The Union Cabinet has approved important development projects for infrastructure development
മെട്രോ, വിമാനത്താവളങ്ങൾ എന്നിവയുൾപ്പെടുന്ന 34,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ബെംഗളൂരു മെട്രോ റെയിൽ പ്രൊജക്റ്റ്-മൂന്നാം ഘട്ടം, താനെ ഇന്റഗ്രൽ റിംഗ് മെട്രോ റെയിൽ പ്രൊജക്റ്റ്, പൂനെ മെട്രോ ഒന്നാം ഘട്ടം എന്നീ മൂന്ന് മെട്രോ പദ്ധതികൾക്കാണ് കേന്ദ്രം പച്ചക്കൊടി കാട്ടിയത്.
ഇത് കൂടാതെ പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ്ര വിമാനത്താവളത്തിലെ പുതിയ സിവിൽ എൻക്ലേവ്, ബിഹാറിലെ പാട്നയിലെ ബിഹ്തയിൽ പുതിയ സിവിൽ എൻക്ലേവ് എന്നിവയ്‌ക്കും അനുമതി നൽകിയിട്ടുണ്ട്.
ബെംഗളൂരു മെട്രോ റെയിൽ പ്രൊജക്റ്റ്-മൂന്നാം ഘട്ടത്തിൽ 31 സ്റ്റേഷനുകളാണ് ഉൾപ്പെടുത്തുന്നത്. പദ്ധതിയെ പ്രശംസിച്ച പ്രധാനമന്ത്രി മെട്രോ ആളുകൾക്ക് കൂടുതൽ സുഗമമായ യാത്രാനുഭവം പ്രദാനം ചെയ്യുമെന്നും കൂട്ടിച്ചേർത്തു.
22 സ്റ്റേഷനുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് 29 കിലോമീറ്റർ ദൂരത്തിലാണ് താനെ ഇന്റഗ്രൽ റിംഗ് മെട്രോ റയിലിന്റെ നിർമ്മാണം. റോഡുകളിലെ ഗതാഗത കുരുക്ക് ലഘൂകരിക്കുന്നതിനും ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്‌ക്കുന്നതിനും പദ്ധതി സഹായകമാകും.
1549 കോടി രൂപ ചെലവിലാണ് ബംഗാളിലെ സിലിഗുരി ബാഗ്‌ഡോഗ്ര വിമാനത്താവളത്തിൽ പുതിയ സിവിൽ എൻക്ലേവ് വികസിപ്പിക്കുന്നതിന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രൊപ്പോസൽ നൽകിയിരുന്നത്.
എ-321 വിമാനങ്ങൾക്ക് അനുയോജ്യമായ 10 പാർക്കിംഗ് ബേകളും രണ്ട് ലിങ്ക് ടാക്‌സി വേകളും മൾട്ടി ലെവൽ കാർ പാർക്കിംഗും പദ്ധതിയിൽ ഉൾപ്പെടും.
ബിഹ്തയിൽ 1413 കോടി രൂപ ചെലവിലാണ് പുതിയ സിവിൽ എൻക്ലേവ് വികസിപ്പിക്കാൻ പ്രൊപ്പോസൽ സമർപ്പിക്കപ്പെട്ടത്.”