നെടുങ്കണ്ടം: സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ രാമക്കൽമേട്ടിലേക്കുള്ള വഴി തമിഴ്‌നാട് വനംവകുപ്പ് അധികൃതർ അടച്ചു. കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള ഇവിടേക്കു പ്രവേശനം നിരോധിച്ച് ബോർഡും സ്ഥാപിച്ചു. തമിഴ്‌നാട് പരിധിയിലാണു രാമക്കൽമേട് സ്ഥിതിചെയ്യുന്നത്. ഇവിടേക്കുള്ള നടപ്പുവഴിയാണ് തമിഴ്‌നാട് ഉദ്യോഗസ്ഥർ ഇന്നലെ രാവിലെയോടെ അടച്ച് ബോർഡ് സ്ഥാപിച്ചത്.The Tamil Nadu Forest Department has closed the road to Ramakalmet
സഞ്ചാരികൾ വനത്തിൽ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് വനംവകുപ്പിന്റെ നടപടി. സമീപത്തെ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ബോർഡ് സ്ഥാപിക്കാനുള്ള തമിഴ്നാട് വനംവകുപ്പിന്റെ ശ്രമം നാട്ടുകാർ തടഞ്ഞു. രാമക്കൽമേട്ടിൽ എത്തുന്ന സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്നത് വ്യൂ പോയിൻറാണ്.
തമിഴ്നാട് വനമേഖലയിലൂടെയാണ് ഇവിടേക്ക് കടന്നു പോകുന്നത്. ഈ പാതയാണ് ബോർഡ് വെച്ച് വനംവകുപ്പ് തടഞ്ഞത്. രാമക്കൽമേട് ക്ഷേത്രത്തിനു സമീപം ബോർഡ് വെക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.തുടർന്ന് ഉടുമ്പൻചോല തഹസിൽദാർ സ്ഥലത്തെത്തി തമിഴ്നാട് പ്രതിനിധികളുമായി ചർച്ച നടത്തി.
ദൂരക്കാഴ്ചകൾക്കു പ്രസിദ്ധമായ രാമക്കല്ലാണു രാമക്കൽമേട്ടിലേക്കു വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇവിടേക്കുള്ള ഏക പ്രവേശന കവാടം തമിഴ്‌നാട് അടച്ചതോടെ ടൂറിസം മേഖലയ്ക്കു കനത്ത തിരിച്ചടി നേരിടും. തൊട്ടടുത്തുള്ള ശ്രീരാമക്ഷേത്രത്തിനു സമീപം ബോർഡ് സ്ഥാപിക്കാനെത്തിയത് നാട്ടുകാർ തടഞ്ഞിരുന്നു.
തുടർന്ന് നേരിയ സംഘർഷവും ഉടലെടുത്തു. ഇന്നലെ ഉച്ചയോടെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ തമിഴ്‌നാട് വനംവകുപ്പ് സംഘം രാമക്കൽമേട്ടിൽ എത്തിയത്. രാമക്കല്ലിലേക്കുള്ള പാത മരക്കൊമ്പുകളിട്ട് ആദ്യം തടഞ്ഞു. തുടർന്ന് തമിഴ്‌നാട്ടിൽനിന്ന് എത്തിയ തൊഴിലാളികളെ ഉപയോഗിച്ച് ബോർഡ് സ്ഥാപിക്കുകയായിരുന്നു.
അനുവാദമില്ലാതെ ഈ പാതയിൽ പ്രവേശിച്ചാൽ ആറുമാസം തടവും 500 രൂപ പിഴയും ഈടാക്കുമെന്ന മുന്നറിയിപ്പ് ബോർഡാണു സ്ഥാപിച്ചത്. ആദ്യബോർഡ് സ്ഥാപിച്ച ശേഷം തൊട്ടടുത്തുള്ള ശ്രീരാമക്ഷേത്രം തമിഴ്‌നാട് സംരക്ഷിത വനത്തിനുള്ളിലാണെന്ന് ഉദ്യോഗസ്ഥർ അവകാശവാദം മുഴക്കി.
പിന്നെ മറ്റൊരു ബോർഡ് സ്ഥാപിക്കാനെത്തിയത് നാട്ടുകാർ തടഞ്ഞു. ഇതാണ് നേരിയ സംഘത്തിലേക്കു നയിച്ചത്. നെടുങ്കണ്ടത്തുനിന്ന് ഉടുമ്പൻചോല തഹസിൽദാർ സീമ ജോസഫിന്റെ നേതൃത്വത്തിൽ റവന്യൂ അധികൃതർ സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും തമിഴ്‌നാട് അധികൃതർ വഴങ്ങാൻ തയാറായില്ല.
നാട്ടുകാർ വീണ്ടും ചോദ്യം ചെയ്തതോടെ ക്ഷേത്രത്തിനു സമീപം ബോർഡ് സ്ഥാപിക്കുന്നതിൽനിന്നു പിൻവാങ്ങി സംഘം മടങ്ങി. ഇതിനിടെ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം തടയാനും ശ്രമം നടന്നു. പ്രദേശം തർക്കഭൂമിയാണെന്നും ഇരു സംസ്ഥാനങ്ങളിലെയും കലക്ടർമാരുടെ നേതൃത്വത്തിൽ ചർച്ച നടത്തിയ ശേഷമേ മറ്റ് ഇടപെടലുകൾ അനുവദിക്കുകയുള്ളൂവെന്നും തഹസിൽദാർ പറഞ്ഞു.
ദിനംപ്രതി നൂറുകണക്കിനു സഞ്ചാരികൾ രാമക്കല്ലിലെത്തി പ്രകൃതിഭംഗി ആസ്വദിച്ചിരുന്നു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ജില്ലാ കലക്ടറും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് മേഖലയുമായി ബന്ധപ്പെട്ടവരും നാട്ടുകാരും ആവശ്യപ്പെട്ടു. തർക്കഭൂമിയിൽ അറിയിപ്പില്ലാതെ ബോർഡ് സ്ഥാപിച്ചത് വ്യാപക പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
ബോർഡ് നീക്കം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്കു കടക്കുമെന്ന് നാട്ടുകാർ പറഞ്ഞു. മുമ്പും അധികൃതർ വഴി അടച്ചിട്ടുണ്ട്. ഇത്തവണ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചതാണ് ആശങ്ക വർധിപ്പിക്കുന്നത്.