ഇന്ന് ലോകത്തിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ഉയരം കൂടിയ പോത്തിനെ പ്രഖ്യാപിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്സ്. അഞ്ച് വയസ്സ് മാത്രം പ്രായമുള്ള ‘കിംഗ് കോങ്’ എന്ന പോത്താണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 185 സെ.മീ ഉയരമാണ് കിംഗ് കോങ്ങിനുള്ളത്.
തായ്‌ലൻഡിലെ നഖോൺ റാച്ചസിമയിലെ നിൻലാനി ഫാമിൻറെ ഉടമസ്ഥതയിലുള്ള പോത്താണ് ഇത്. പ്രായപൂർത്തിയായ മറ്റു പോത്തുകളെ വെച്ച് നോക്കുമ്പോൾ 20 ഇഞ്ച് ഉയരം കൂടുതൽ ഉണ്ട് കിംഗ് കോങിന്. 2021 ഏപ്രിൽ 1-ന് ജനിച്ച നിമിഷം മുതൽ ഇവന്റെ ഉയരം ശ്രദ്ധയാകർഷിച്ചിരുന്നു.
കിംഗ് കോങിനെ പരിപാലിക്കുന്ന ചെർപട്ട് വുട്ടിക്കും പറയാനുള്ളത് ഇത് തന്നെയാണ്. നിൻലാനി ഫാമിലാണ് കിംഗ് കോങിന്റെ ജനനം. അവൻറെ അമ്മയും അച്ഛനും ഇപ്പോഴും നിൻലാനി ഫാമിൽ തന്നെയുണ്ട്. ദിനചര്യകളിൽ കൃത്യത പുലർത്തുന്ന പ്രകൃതക്കാരനാണ് കിങ്‌കോങ്.പ്രഭാത കർമ്മങ്ങൾ എല്ലാ ദിവസവും രാവിലെ ആറുമണിക്ക് തന്നെ ആരംഭിക്കും. ഉറക്കം ഉണർന്നാൽ ആദ്യം തന്നെ കുളത്തിൽ നീണ്ട ഒരു കുളി പാസാക്കും, ശേഷമാണ് ഭക്ഷണ കാര്യങ്ങൾ.
ദിവസം 35 കിലോഗ്രാം ഭക്ഷണം വേണം ഈ അഞ്ചു വയസ്സുകാരന്. വൈക്കോൽ, ചോളം, വാഴപ്പഴം എന്നിവയാണ് ഇവന്റെ ഇഷ്ട ഭക്ഷണങ്ങൾ. വലുപ്പക്കാരനാണെങ്കിലും ആളൊരു ശാന്തനാണ്. അതുകൊണ്ടു തന്നെ ഫാമിൽ അവൻറെ വിളിപ്പേര് വലിയ മര്യാദക്കാരൻ എന്നർത്ഥം വരുന്ന ‘യെനും’ എന്നാണ്. കാലുകൾകൊണ്ട് മണ്ണിൽ മാന്തി കുഴി ഉണ്ടാക്കുന്നതും, ആളുകളോടൊപ്പം ഓടി കളിക്കുന്നതുമാണ് ഇവന്റെ ഇഷ്ട വിനോദങ്ങൾ.