ന്യൂഡൽഹി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈകോടതി ഏർപ്പെടുത്തിയ നിയന്ത്രണത്തിന് സ്റ്റേ നൽകി സുപ്രീംകോടതി. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ചട്ടങ്ങൾക്ക് രൂപം കൊടുക്കാൻ ഹൈകോടതിക്ക് അധികാരമില്ലെന്നും ഉത്തരവ് അപ്രായോഗികമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
2012ലെ ചട്ടങ്ങൾ പ്രകാരമായിരിക്കണം ഉത്സവങ്ങൾ അടക്കമുള്ള കാര്യങ്ങൾക്കായി ആനകളെ എഴുന്നള്ളിപ്പിക്കേണ്ടത്. ഈ ചട്ടങ്ങൾ പാലിക്കാൻ മുഴുവൻ ദേവസ്വങ്ങൾക്കും ബാധ്യതയുണ്ടെന്നും സുപ്രിം കോടതി വ്യക്തമാക്കി. വിഷയത്തിൽ വിശദീകരണം അറിയിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ആന എഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി സ്റ്റേ അനുവദിച്ചത്. ഹൈകോടതി ഡിവിഷൻ ബെഞ്ചിൻറെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ദേവസ്വത്തിന്റെ ആവശ്യം.
ഹൈകോടതി ഉത്തരവ് പ്രകാരം ആന എഴുന്നള്ളിപ്പുകൾ നടത്താനാകില്ലെന്നും നിയന്ത്രണങ്ങൾ രദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ദേവസ്വങ്ങൾ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. അതേസമയം മൃഗസ്നേഹികളുടെ സംഘടനകൾ തടസ ഹർജിയും നൽകിയിരുന്നു. തങ്ങളുടെ വാദം കേൾക്കാതെ ഹർജികളിൽ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് മൂന്ന് തടസ ഹർജികളും സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്.
മതപരിപാടികൾ, ഉത്സവങ്ങൾ മറ്റുപരിപാടികൾ തുടങ്ങിയവയിൽ ആനകളെ എഴുന്നള്ളിക്കുന്നതിലാണ് കേരള ഹൈകോടതി മാർഗനിർദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. ആനയുടെ ആരോഗ്യ സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള എല്ലാ രേഖകളും പരിപാടിയുടെ സംഘാടകർ ഉറപ്പാക്കണം, എഴുന്നളത്തിൽ മൂന്ന് മണിക്കൂറിൽ കൂടുതൽ നിർത്തരുത്, നല്ല ഭക്ഷണം, വിശ്രമം, എഴുന്നള്ളിപ്പിനാവശ്യമായ സ്ഥലം, പൊതുജനങ്ങളിൽ നിന്ന് നിശ്ചിത ദൂരം എന്നിവയായിരുന്നു ഉത്തരവിലെ പ്രധാന മാർഗനിർദേശങ്ങൾ.