കുട്ടനാട്: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ അച്ഛനെ മകൻ പരാജയപ്പെടുത്തി. ആലപ്പുഴ ജില്ലയിലെ രാമങ്കരി 13-ാം വാർഡിലെ ഉപതിരഞ്ഞെടുപ്പിലാണ് അച്ഛൻ – മകൻ മത്സരത്തിൽ മകൻ വിജയിച്ചത്.The son defeated the father in the local by-elections
എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഎമ്മിലെ ബി. സരിൻകുമാറാണ് ഇവിടെ വിജയിച്ചത്. സരിന്റെ പിതാവ് വി എ ബാലകൃഷ്ണനായിരുന്നു ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. ഒമ്പത് വോട്ടുകൾക്കാണ് മകന് മുന്നിൽ ബാലകൃഷ്ണൻ പരാജയപ്പെട്ടത്.
രാമങ്കരി 13-ാം വാർഡിൽ ആകെ 857 വോട്ടർമാരാണിള്ളത്. ഇതിൽ 685 വോട്ടുകളാണ് പോൾ ചെയ്തത്. സരിൻകുമാർ -315, ബാലകൃഷ്ണൻ – 306, ബി.ജെ.പിയുടെ ശുഭപ്രഭ – 42 എസ്.യു.സി.ഐയുടെ വി.ആർ.അനിൽ – 22 എന്നിങ്ങനെയാണ് വോട്ടുകൾ നേടിയത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 726 വോട്ടുകളാണ് പോൾ ചെയ്തത്. അന്ന് 910 വോട്ടർമാർ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നു. സി.പി.എം. സ്ഥാനാർഥി രാജേന്ദ്രകുമാറിന് 375 വോട്ടു ലഭിച്ചപ്പോൾ കോൺഗ്രസിന് വേണ്ടി മത്സരിച്ച വി.എ. ബാലകൃഷ്ണൻ 351 വോട്ടുകൾ നേടി.
ആകെ പോൾ ചെയ്ത വോട്ടുകൾ രണ്ടുപേർക്കായി വീതിച്ചു പോയപ്പോൾ സി.പി.എം. സ്ഥാനാർഥിയായിരുന്ന ആർ. രാജേന്ദ്രകുമാർ 24 വോട്ടുകൾക്ക് വിജയിക്കുകയായിരുന്നു. ഇക്കുറി സാഹചര്യം മാറി.
കഴിഞ്ഞ കാലങ്ങളിൽ മത്സരരംഗത്തില്ലാതിരുന്ന ബി.ജെ.പി. എൻ.ഡി.എ. മുന്നണിയുടെ പേരിൽ മത്സരത്തിനിറങ്ങിയിരുന്നു. എസ്.യു.സി.ഐയും സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ടായിരുന്നു. വാശിയോടെയുള്ള പ്രചാരണമാണ് നടന്നത്.
വിജയം സി.പി.എമ്മിന് ആശ്വാസകരവും മുഖം രക്ഷിക്കലുമായി മാറി. സിപിഎം ടിക്കറ്റിൽ മത്സരിച്ചു വിജയിച്ച് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം വഹിച്ചിരുന്ന ആർ രാജേന്ദ്ര കുമാർ പാർട്ടിയുമായി തെറ്റിയതോടെയാണ് രാമങ്കരിയിലെ പഞ്ചായത്ത് ഭരണം മാറിമറിഞ്ഞത്.
സി.പി.ഐ. അനുകൂല നിലപാടുകളുമായി കടുത്ത വെല്ലുവിളിയാണ് സി.പി.എമ്മിന് എതിരെ ഉയർത്തിയത്. ഭിന്നത പരസ്യ പ്രതികരണങ്ങളിലേക്കും വെല്ലുവിളികളിലേക്കും കടന്നതോടെ രാജേന്ദ്രകുമാറിനെതിരെ സി.പി.എം. തന്നെ അവിശ്വാസം കൊണ്ടുവന്നു.
സി.പി.എമ്മും കോൺഗ്രസ്സും ഒന്നിച്ച് നിന്നപ്പോൾ അവിശ്വാസത്തിൽ പരാജയപ്പെട്ട് രാജേന്ദ്രകുമാറിന് പ്രസിഡന്റ് പദം ഒഴിയേണ്ടി വന്നു. ഇതോടൊപ്പം പഞ്ചായത്ത് അംഗത്വം കൂടി രാജി വച്ചതാണ് ഉപതിരഞ്ഞെടുപ്പിനു കളമൊരുക്കിയത്.
തിരഞ്ഞെടുപ്പു ഫലം പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല. 13 അംഗ ഭരണ സമിതിയിൽ എൽ.ഡി.എഫിന് എട്ടും യു.ഡി.എഫിന് നാലും അംഗങ്ങളാണു നിലവിലുള്ളതെങ്കിലും സി.പി.എമ്മിലെ ഔദ്യേഗിക പക്ഷത്തെ നാല് പേരുടെ പിന്തുണയോടെ യു.ഡി.എഫ്. ആണ് പഞ്ചായത്ത് ഭരിക്കുന്നത്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും ഒരു സ്ഥിരസമിതി അധ്യക്ഷ പദവിയും യു.ഡി.എഫിനും രണ്ട് സ്ഥിരസമിതി അധ്യക്ഷ സ്ഥാനം എൽ.ഡി.എഫിനുമാണു നിലവിലുള്ളത്.