തിരുവനന്തപുരം:ഐ.എസ്.ആർ.ഒ.യ്ക്കും ഇന്ത്യയ്ക്കും ആഗോളതലത്തിൽ സൽപ്പേരും പ്രശസ്തിയും നേടികൊടുത്ത പി.എസ്.എൽ.വി റോക്കറ്റുകൾ ഈ വർഷം തന്നെ സ്വകാര്യമേഖലയിൽ നിർമ്മിക്കുമെന്ന് റിപ്പോർട്ട്.
ആദ്യത്തെ പരീക്ഷണ വിക്ഷേപണം സെപ്തംബറിലായിരിക്കും നടക്കുക. അതിനുശേഷം തുടർച്ചയായി വിക്ഷേപണത്തിന് ഉപയോഗിക്കും. ഈ വർഷം അഞ്ച് എണ്ണം നിർമ്മിക്കാനാണ് തീരുമാനം. എച്ച്.എ.എല്ലും എൽ.ആൻഡ് ടിയും ചേർന്നുള്ള കൺസോർഷ്യമാണ് ഇവ നിർമ്മിക്കുന്നത്.
സ്പെയ്സ് സ്റ്റേഷൻ, ഗഗൻയാൻ പോലുള്ള വൻകിട ബഹിരാകാശ ദൗത്യത്തിലേക്ക് ഐ.എസ്.ആർ.ഒ. ചുവടുമാറ്റിയതോടെയാണ് ഉപഗ്രഹ വിക്ഷേപണങ്ങൾ സ്വകാര്യവൽക്കാൻ തീരുമാനമായത്.
ഇന്ത്യയിലെ മൂന്നാം തലമുറ വിക്ഷേപണ വാഹനമായ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പി.എസ്.എൽ.വി) ആണ് വിക്ഷേപണത്തിന് ഒരുങ്ങുന്നത്.
നേരത്തെ റഷ്യയിൽ നിന്ന് റോക്കറ്റുകൾ വാങ്ങിയ ശേഷം വിക്ഷേപണം നടത്തുകയായിരുന്നു ഇന്ത്യ ചെയ്തിരുന്നത്.1993ലാണ് സ്വന്തമായി നിർമ്മിച്ചത്.
1994 മുതൽ സ്ഥിരമായി വിക്ഷേപണത്തിന് ഉപയോഗിക്കുന്നു. ഇതുവരെ 61വിക്ഷേപണങ്ങൾ ആണ് നടത്തിയത്.ഇതിൽ 59 ദൗത്യം പരിപൂർണ്ണ വിജയമായിരുന്നു.
ലോകത്തെ തന്നെ ഏറ്റവും വിശ്വസ്തമായ റോക്കറ്റായാണ് പി.എസ്.എൽ.വി. അറിയപ്പെടുന്നത്.44 മീറ്റർ ഉയരവും 2.8മീറ്റർ വ്യാസവും ഉള്ള സിലിണ്ടർ ആകൃതിയിലുള്ള പി.എസ്.എൽ.വി.ക്ക് നാല് ഭാഗങ്ങളാണ് ഉള്ളത്.
ഇതിൽ ആദ്യത്തെയും മൂന്നാമത്തേയും ഭാഗം ഖരഇന്ധനവും രണ്ടാമത്തെയും നാലാമത്തേയും ഭാഗം ദ്രവ ഇന്ധനവുമാണ്.
ഇതിൽനാലാം ഭാഗത്താണ് ഉപഗ്രഹങ്ങൾ സൂക്ഷിക്കുക.ഒന്നിലധികം പേലോഡുകളെ ഭ്രമണപഥത്തിൽ എത്തിക്കാൻ പി.എസ്.എൽ.വിക്ക് കഴിയും എന്നതാണ് പ്രത്യേകത.
2017 ഫെബ്രുവരി 15നു ശ്രീഹരക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് 104 ഉപഗ്രങ്ങളെ ബഹിരാകാശത്ത് എത്തിച്ച പി.എസ്.എൽ.വി. സി 37 റോക്കറ്റ് ലോകറെക്കോഡ് നേടി.
2008ൽ ചന്ദ്രയാൻ ഒന്നും 2013ൽ മംഗൾയാനും വിക്ഷേപിച്ച് പി.എസ്.എൽ.വി. മറ്റൊരു ചരിത്രം കുറിച്ചു. 1750 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾ ഭൂമിയുടെ 600 കിലോമീറ്റർ വരെ ഉയരത്തിലെത്തിക്കാൻ പി.എസ്.എൽ.വി.ക്ക് കഴിയും.