എംപുരാൻ സിനിമയിലെ മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച പരാമർശത്തിൽ തുടങ്ങിയ തമിഴ്‌നാട്ടിലെ പ്രതിഷേധം നേരിട്ട് ബാധിക്കുന്നത് ഗോകുലം ഗോപാലനെ. തമിഴ്‌നാട്ടിൽ ചിട്ടിയും ഫിനാൻസ് സ്ഥാപനങ്ങളുമായി വലിയ സാമ്രാജ്യം തന്നെ ഗോകുലം ഗോപാലനുണ്ട്. തന്റെ മുഖ്യ വ്യവസായങ്ങളെ ആകെ ബാധിക്കുന്ന തരത്തിലേക്ക് എംപൂരാൻ വിഷയം വളരുന്നതിൽ ഗോപാലന് കടുത്ത ആശങ്കയുണ്ട്
മുല്ലപ്പെരിയാർ അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചാണ് തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം നടന്നത്. പെരിയാർ വൈഗ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷനടക്കം നിരവധി സംഘടനകൾ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കമ്പത്തെ ഗോകുലം ചിറ്റ്‌സ് ശാഖയ്ക്കു മുന്നിൽ നാളെ ഉപരോധസമരവും നടക്കും. ഡാമുമായി ബന്ധപ്പെട്ട് കരാറിന്റെ കാര്യം പറയുന്നത് തമിഴ്‌നാടിനുള്ള താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. ഈ രംഗങ്ങൾ സിനിമയിൽ നിന്നും നീക്കം ചെയ്യണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
തമിഴ്‌നാട്ടിലെ മറ്റ് ജില്ലകളിലേക്കും ഇത്തരത്തിൽ പ്രതിഷേധം വ്യാപിക്കുകയാണ്. എമ്പുരാൻ സിനിമ ബഹിഷ്‌കരിക്കാനും ആഹ്വാനമുണ്ട്. എംപൂരാൻ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനത്തിൽ ഗോകുലം ഗോപാലന് ആശങ്കയില്ല. കാരണം സിനിമ വലിയ കളക്ഷൻ നേടിയെടുത്ത് മുന്നോട്ടു പോവുകയാണ്. ഇനി ഈ സിനിമ നഷ്ടമായാൽ പോലും അതും ഗോപാലന് വിഷയമല്ല.
എന്നാൽ ബിസിനസ് കാര്യത്തിൽ അങ്ങനല്ല. കേരളത്തേക്കാൾ കൂടുതൽ ഗോകുലം ഗ്രൂപ്പ് നിക്ഷേപം ഇറക്കിയിരിക്കുന്നത് തമിഴ്‌നാട്ടിലാണ്. അതുകൊണ്ടു തന്നെ ഇവിടെ മറ്റ് സ്ഥാപനങ്ങളിലേക്ക് പ്രതിഷേധം നീളുന്നത് തിരച്ചടിയാകും എന്ന് ഉറപ്പാണ്. സംഘപരിവാർ സംഘടനകൾ കൂടി ഇവർക്കൊപ്പം തമിഴ്‌നാട്ടിൽ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന ഭയവും ഗോകുലം ഗോപാലനുണ്ട്.
എന്നാൽ പൃഥ്വിരാജിനെ ഇതൊന്നും പുത്തരിയല്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വായിൽ വെള്ളിക്കരണ്ടിയുമായി ജനനം എന്നു പറയുമ്പോലെ സിനിമാപ്രവേശനം അനായാസമായെങ്കിലും പിന്നീടിങ്ങോട്ട് കരിയറിൽ വലിയ വെല്ലുവിളികൾ നേരിട്ട് വളർന്നുവന്ന നടനാണ് പൃഥ്വിരാജ്.
ആദ്യകാലത്ത് താരസംഘടനയുടെ വിലക്ക് വരെ നേരിടേണ്ടിവന്നിട്ടുണ്ട് താരത്തിന്. നിലപാടുകൾ തുറന്നു പറഞ്ഞതിൻ്റെ പേരിൽ പൊതുസമൂഹത്തിൽ നിന്നും നിരവധി പ്രതിഷേധങ്ങൾ നേരിട്ടു. എന്നിട്ടും പലപ്പോഴും തലകുനിക്കാതെ നടന്നുകയറാൻ സുകുമാരൻ്റെയും മല്ലികയുടെയും മകന് സാധിച്ചു.
വിവാഹക്കാര്യത്തെക്കുറിച്ച് ഉയർന്ന അഭ്യൂഹങ്ങളെല്ലാം നിഷേധിച്ച ശേഷം ആരെയും അറിയിക്കാതെപെട്ടെന്ന് നടത്തിയ വിവാഹം മാധ്യമങ്ങളെ പോലും ശത്രുപക്ഷത്താക്കി. പിന്നീട് ഒന്നിച്ചൊരു അഭിമുഖത്തിന് ഇരുന്ന്, സൗത്ത് ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കാൻ അറിയുന്ന ഏകനടനെന്ന് പൃഥ്വിക്ക് സുപ്രിയ നൽകിയ സർട്ടിഫിക്കറ്റ് ഏറെക്കാലം ട്രോളുകൾക്ക് കാരണമായി. എഷ്യാനെറ്റിൽ ജോൺ ബ്രിട്ടാസുമായി നടത്തിയ ഈ അഭിമുഖത്തിന് പിന്നാലെയാണ് രായപ്പൻ വിളികളും തുടങ്ങിയത്. കടുത്ത അധിക്ഷേപത്തിൻ്റെ പരിധിയിലേക്കും അത് കടന്നു.
ഇതിനിടയിലും പലപ്പോഴുംതന്റെ സ്വതന്ത്ര നിലപാടുകൾ തുറന്ന് പറഞ്ഞു പൃഥ്വിരാജ് വാർത്തകളിൽ നിറഞ്ഞു. കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ താരസംഘടനയിൽ മോഹൻലാൽ അടക്കമുള്ളവരുടെ എതിർപക്ഷത്താണ് പൃഥ്വി എന്ന പ്രതീതിയുണ്ടായി.
കുറ്റം തെളിയുന്നത് വരെ ഇരക്കും പ്രതിക്കും ഒപ്പം നിൽക്കുമെന്ന നിലപാടിൽ നിന്ന് താരസംഘടനയെ മാറ്റിയതിൽ പൃഥ്വിരാജിൻ്റെ പങ്ക് നിർണായകമായിരുന്നു. ഇങ്ങനെ വന്നതോടെയാണ് ദിലീപ് സംഘടനയിൽ നിന്ന് പുറത്താകുന്ന സാഹചര്യം ഉണ്ടായതും.
ഏറെ പണിപ്പെട്ടും കഠിനാധ്വാനം ചെയ്തും ആളുകളെ കൊണ്ട് അതെല്ലാം മാറ്റിപ്പറയിക്കും വിധം പിന്നെ പൃഥ്വിരാജ് വളർന്നു. നല്ല ചിത്രങ്ങൾ മാത്രം തിരഞ്ഞെടുത്തും അതിനായി അത്യധ്വാനം ചെയ്തും പകരക്കാരൻ ഇല്ലാത്ത നല്ല നടനായി മാറി.
മോഹൻലാൽ ടീമുമായി ചേർന്ന് എടുത്ത ലൂസിഫർ നിർണകമായി. ലാലിനോടുള്ള ഇഷ്ടം വീതംവച്ച് നൽകി ഫാൻസ് ഏറ്റെടുത്തത് പൃഥ്വിയുടെ ജനസമ്മതി ഉയർത്തി. ബ്രോഡാഡി വിജയിച്ചതും എംപുരാൻ പ്രഖ്യാപിച്ചതും അന്യഭാഷകളിൽ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ഭാഗമായതുമെല്ലാം പൃഥ്വിരാജിന്റെ കാര്യത്തിൽ മലയാളികളെ മാറ്റിചിന്തിപ്പിച്ചു.
എമ്പുരാൻ വിവാദത്തോടെ വീണ്ടും എല്ലാം പഴയപടിയായി. മോഹൻലാലിനെ പൃഥ്വിരാജ് ചതിച്ചുവെന്ന വികാരം വ്യാപകമായതോടെ ഫാൻസുകാരും സംശയിക്കുന്ന സ്ഥിതിയായി. ബന്ധപ്പെട്ടവർക്ക് ആർക്കും ഒന്നും തുറന്നു പറയാനും കഴിയാതിരുന്ന സാഹചര്യത്തിൽ പഴയ രായപ്പൻ വിളികൾ സോഷ്യൽ മീഡിയയിൽ വ്യാപകമാവുകയായിരുന്നു. ഒപ്പം ആർഎസ്എസിൻ്റെ വിമർശനവുംകൂടിയായപ്പോഴാണ് സാഹചര്യത്തിൻ്റെ ഗൗരവം തിരിച്ചറിഞ്ഞ് അമ്മ മല്ലിക സുകുമാരൻ വിഷയത്തിൽ ഇടപെട്ടത്.
അതുകൊണ്ടൊന്നും വിവാദത്തിന് അയവൊന്നും ഉണ്ടായില്ലെങ്കിലും ലാലിനെ പൃഥ്വി ചതിച്ചുവെന്ന് പൊതുവിലുണ്ടായ ധാരണക്ക് കനംകുറഞ്ഞു വന്നു. മോഹൻലാൽ അറിയാത്തതൊന്നും എംപുരാനിൽ ഇല്ലെന്നാണ് മല്ലിക ഉറപ്പിച്ച് പറഞ്ഞത്.
റിലീസിന് തലേന്ന് സുപ്രിയ പൃഥ്വിരാജിൻ്റെ വിമർശകരോട്, പറഞ്ഞത് ‘ആളറിഞ്ഞ് കളിക്കെടാ’ എന്നായിരുന്നു. വെല്ലുവിളി രൂപത്തിൽ ഷെയർചെയ്ത പോസ്റ്റുകൂടി എടുത്തുവച്ചായി ഇപ്പോൾ തിരിച്ചടി. സിനിമ വീണ്ടും എഡിറ്റ് ചെയ്യേണ്ടി വന്നതിന് പിന്നാലെ, ‘ആളറിഞ്ഞ് കളിക്കെടാ രായപ്പാ’ എന്നാ ട്രോളുമായി വിമർശകർ എത്തിയിട്ടുണ്ട്.
“സിനിമ ഇറങ്ങും മുമ്പ് ഭാര്യയെ ഇറക്കി നാട്ടുകാരെ വെല്ലുവിളിക്കുക, റിലീസായ ശേഷം എൻ്റെ മോനേ കൊല്ലല്ലേന്ന് അമ്മയുടെ നിലവിളി, നീ പെരിയ വീരൻടാ”, എന്നതാണ് ഏറ്റവും പുതിയ ട്രോൾ…. സംവിധായകനായ പൃഥ്വിരാജ് പ്രേക്ഷകരോട് പറയേണ്ട കാര്യങ്ങളാണ് ഇപ്പോൾ എംപുരാനെക്കുറിച്ച് ലാലും മല്ലികയും പറയുന്നത് എന്നത് വാസ്തവമാണ്.
എന്നുവച്ച് ഇനി പൃഥ്വി സംസാരിക്കാൻ തയ്യാറായാലും ഇതിനൊന്നും അറുതിയുണ്ടാകില്ല എന്നതും സത്യമാണ്. അതുകൊണ്ടാണ് ഇപ്പോൾ പലരും ചോദിച്ചു പോകുന്നത്, എന്നാണിതിൽ നിന്നെല്ലാം പൃഥ്വിക്കൊരു മോചനം എന്ന്.
മലയാളത്തിലെതന്നെ എക്കാലത്തേയും മികച്ച നടൻ, ഭരത് അവാർഡ് ജേതാവ് ഗോപിയുടെ മകനാണ് മുരളി ഗോപി. മോഹൻലാലും പൃഥ്വിരാജും അടക്കം എംപുരാൻ സിനിമയുടെ അണിയറ ശില്പികൾ ഒന്നടങ്കം മാപ്പുപറഞ്ഞ് സംഘപരിവാർ ശക്തികൾക്ക് മുന്നിൽ കീഴടങ്ങിയിട്ടും താൻ എഴുതിയുണ്ടാക്കിയ സിനിമയുടെ കാര്യത്തിൽ ഒരു ഖേദവും മാപ്പും ഇല്ലാതെ തല ഉയർത്തി നിൽക്കുകയാണ് തിരക്കഥാകൃത്തായ മുരളി ഗോപി.
സംഘപരിവാർ സംഘടനകളും അനുയായികളും സോഷ്യൽ മീഡിയയിൽ ഉറഞ്ഞുതുള്ളി മോഹൻലാലിനെ കൊണ്ട് മാപ്പ്പറയിച്ചിട്ടും കുലുക്കമില്ലാതെ തുടരുകയാണ് പത്രപ്രവർത്തകൻ കൂടിയായ മുരളി.
സാമൂഹ്യ രാഷ്ടീയ വിഷയങ്ങൾ സിനിമയിലൂടെ ചർച്ച ചെയ്യണമെന്ന അഭിപ്രായക്കാരനാണ് മുരളി. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ദ ഹിന്ദു എന്നീ പത്രങ്ങളിൽ ജേർണലിസ്റ്റായി ജോലി ചെയ്ത ശേഷമാണ് മുരളി മുഴുവൻ സമയ സിനിമാ പ്രവർത്തനത്തിന് ഇറങ്ങിയത്. അച്ഛൻ്റെ പാതയായ അഭിനയത്തിന് പുറമെ തിരക്കഥയിലും ആദ്യംതന്നെ കൈവച്ചു.
ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ സിനിമയുടെ തിരക്കഥ എഴുതി അതിലൊരു പ്രധാന വേഷവും മുരളി ചെയ്തു. മുരളി ഗോപി തിരക്കഥ എഴുതിയ ആദ്യ ചിത്രമായിരുന്നു രസികൻ. ഈയടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, കമ്മാരസംഭവം, ലൂസിഫർ, തീർപ്പ് എന്നീ സിനിമകൾക്കും മുരളി തിരക്കഥയെഴുതി.
ഇടത് -വലത് രാഷ്ട്രീയങ്ങളിലെ പൊള്ളത്തരങ്ങളും നിലപാടില്ലായ്മകളും തുറന്ന് കാട്ടാൻ മുരളി ഗോപി ഒട്ടും ഭയപ്പെട്ടില്ല. കേരളത്തിലെ ഏറ്റവും പ്രബല രാഷ്ട്രീയപാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ കീറിമുറിക്കും വിധം സമാനതയുള്ള കഥാപാത്രത്തെ വില്ലൻ പരിവേഷത്തിൽ സൃഷ്ടിച്ചാണ് 2013ൽ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമക്ക് കഥ എഴുതിയത്.
ഇന്നിപ്പോൾ എംപുരാൻ സിനിമ തീയറ്ററിൽ പോയികണ്ട് ഐകദാർഡ്യം പ്രകടിപ്പിക്കുന്ന പിണറായി വിജയൻ്റെ പാർട്ടിക്കാർ ഉണ്ടാക്കിയ പ്രതിസന്ധി അതിജീവിക്കാനാകാതെ ആ സിനിമ അകാലമൃത്യു വരിച്ചിരുന്നു. ഇന്നിപ്പോൾ വലതു രാഷ്ട്രിയത്തിനെതിരെ നിലപാട് എടുത്തപ്പോഴും വില്ലനെ ചൊല്ലിയും അയാളുടെ പേരിനെച്ചൊല്ലിയും ഒക്കെയാണ് പരാതികൾ ഉയരുന്നത്.
എംപുരാന് വേണ്ടി സൃഷ്ടിച്ച കഥാപരിസരങ്ങളെയും കഥാപാത്രങ്ങളെയും തള്ളാനോ, ഇത്രയേറെ സമ്മർദമുണ്ടായിട്ടും ഖേദം പറയാനോ തയ്യാറാകാത്ത മുരളിയുടെ നിലപാടിനെ മലയാളികൾ എത്ര ഏറ്റെടുക്കുന്നു എന്നതിൻ്റെ ഏകദേശചിത്രം ഇന്നിപ്പോൾ അയാളുടെ സോഷ്യൽ മീഡിയ പേജുകളിൽ പോയാൽ കിട്ടും.
വീഴ്ച പറ്റിയെന്ന് പ്രധാനതാരം ഏറ്റുപറഞ്ഞിട്ടും ഇതെല്ലാം ആധികാരികമായി പറയേണ്ട സംവിധായകന് മിണ്ടാനാകാതെ തുടരുമ്പോൾ, സ്വാഭാവികമായും തിരക്കഥാകൃത്ത് താരമാകുകയാണ്.
എന്തായാലും ഈ സിനിമയിലൂടെ ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കിയത് മോഹൻലാലും ആന്റണി പെരുമ്പാവൂരുമാണ്. നാലു ദിവസം കൊണ്ട് എംപൂരാൻ നേടിയത് 200 കോടിയാണ്. കാരണം കടുത്ത നിരാശയായിരുന്നു മോഹൻലാൽ സംവിധാനത്തിൽ എത്തിയ ‘ബറോസ്’.
100 കോടി ബജറ്റിൽ എത്തിയ ചിത്രത്തിന് ആകെ ലഭിച്ചത് പത്തിലൊന്ന് കളക്ഷനാണ്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായതിനാൽ ഏറെ പ്രതീക്ഷയോടെയും വലിയ ഹൈപ്പിലുമാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. എന്നാൽ ചിത്രം പ്രേക്ഷകർ സ്വീകരിച്ചില്ല.
വെറും 10 കോടി രൂപ മാത്രമേ ബറോസിന് ബോക്‌സ് ഓഫീസിൽ നിന്നും നേടാനായതെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മികച്ച ത്രീഡിയാണ് സിനിമയുടെത് എന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും ചിത്രത്തിന്റെ കഥയും വിദേശ താരങ്ങളുടെ അഭിനയവും തിയേറ്ററിൽ വർക്ക് ആയില്ല എന്നു പറയാം. ഫാന്റസി ജോണറിൽ ഒരുക്കിയ ബറോസ് എന്ന ഭൂതമായി ലീഡ് റോളിൽ മോഹൻലാൽ തന്നെയാണ് വേഷമിട്ടത്.
എമ്പുരാൻ സിനിമ ലോകമെങ്ങും റെക്കോർഡ് കളക്ഷനിൽ മുന്നേറുന്നതിനിടെ ഹൈക്കോടതിയിൽ ഹർജി. മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതോടെ എമ്പുരാൻ വിവാദം തീരുമെന്ന് കരുതിയിരുന്നു എങ്കിലും ഇനി കോടതി തീരുമാനം നിർണായകമാകുമെന്നാണ് പുറത്തു വരുന്ന വിവരം. ബിജെപി നേതാവ് വിവി വിജീഷ് ആണ് ഹർജിനൽകിയത്.
ഗുജറാത്ത് കലാപം സിനിമയിൽ സൂചിപ്പിക്കുന്നു എന്ന് കാണിച്ചാണ് ഹിന്ദുത്വ സംഘടനാ നേതാക്കൾ സിനിമക്കെതിരെ രംഗത്തെത്തിയത്. തുടർന്ന് മോഹൻലാൽ ഖേദം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതിയിരുന്നു. സംവിധായകൻ പൃഥ്വിരാജും നിർമാതാവ് ആന്റണി പെരുമ്പാവൂരും ഇത് പഷെയർ ചെയ്തു.
പൃഥ്വിരാജിനെ വ്യക്തിപരമായി ഉന്നംവച്ച് ബിജെപി നേതാക്കൾ പരസ്യമായി പ്രതകരിക്കുകയും ചെയ്തിരിക്കെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ബിജെപിയുടെ ജില്ലാ കമ്മിറ്റി അംഗമാണ് ഹർജിക്കാരനായ വിജീഷ്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, സെൻസർ ബോർഡ്, മോഹൻലാൽ-പൃഥ്വിരാജ് ഉൾപ്പെടുന്ന എമ്പുരാൻ ടീം, കേരള പോലീസ് മേധാവി എന്നിവരെ എതിർകക്ഷികളാക്കിയാണ് കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
പ്രതിരോധ മന്ത്രാലയം, കേന്ദ്ര അന്വേഷണ ഏജൻസികൾ തുടങ്ങിയവയുടെ വിശ്വാസ്യത തകർക്കുന്ന രീതിയിലാണ് സിനിമയുടെ ഉള്ളടക്കം എന്നാണ് വിജീഷിന്റെ ഹർജിയിലെ മറ്റൊരു ആരോപണം. ഗുജറാത്ത് കലാപത്തെ അനാവശ്യമായി സിനിമയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതെല്ലാം സമൂഹത്തിൽ വർഗീയ സംഘർഷമുണ്ടാക്കാൻ ഇടയാക്കുന്നതാണെന്നും ഹർജിയിൽ ആരോപിക്കുന്നു.