കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ നേരിയ കുറവ്. ചെറിയ മാറ്റമാണ് രേഖപ്പെടുത്തിയതെങ്കിലും ആഭരണം വാങ്ങുന്നവർക്ക് വലിയ ആശ്വാസമാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് 50680 രൂപയും കൂടിയത് 54520 രൂപയും ആയിരുന്നു. ആഗോള തലത്തിൽ നിക്ഷേപകർക്ക് ആശങ്കയുണ്ടാക്കിയിരുന്ന കാര്യങ്ങളിൽ അയവ് വന്നതാണ് ഇന്ന് വില കുറയാൻ കാരണം. ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ട വില 53240 രൂപയാണ്. കഴിഞ്ഞ ദിവസം 53480 രൂപയായിരുന്നു. പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
ഗ്രാമിന് 30 രൂപ താഴ്ന്ന് 6655 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിന് ശേഷമാണ് ഇത്രയും കുറഞ്ഞ വിലയിലെത്തുന്നത്. ഈ ഒരു ട്രെൻഡ് തുടർന്നാൽ വരും ദിവസങ്ങളിലും സ്വർണവിലയിൽ കുറവ് വന്നേക്കും. ഈ മാസം 24ന് 53280 രൂപയായിരുന്നു വില. ഏറിയും കുറഞ്ഞും വില പിന്നീട് ഉയർന്നു നിൽക്കുകയായിരുന്നു. ഇന്നാണ് ആ വിലയേക്കാൾ താഴേക്ക് സ്വർണമെത്തിയത്. സ്വർണവില കുറയാൻ കാരണം അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ നയവുമായി ബന്ധപ്പെട്ട വിവരങ്ങളാണ്. ബാങ്കിന്റെ സുപ്രധാന യോഗം ഇന്ന് ചേരുന്നുണ്ട്. പലിശ നിരക്ക് അടുത്തൊന്നും കുറയ്ക്കില്ല എന്നാണ് റിപ്പോർട്ടുകൾ. പലിശ നിരക്ക് കുറയ്ക്കുമെന്ന് ആഴ്ചകൾക്ക് മുമ്പ് വാർത്ത വന്നിരുന്നു. അതോടെ സ്വർണവില കുതിക്കുകയും ചെയ്തു.