കൊച്ചി: പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതിപിടിയിൽ. അങ്കമാലി സ്വദേശി ഐസക് ബെന്നി(22)യാണ് വെള്ളിയാഴ്ച രാത്രി 12 മണിയോടെ പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയത്. അങ്കമാലിക്ക് സമീപം മൂക്കന്നൂരിൽ നിന്നുമാണ് ഇയാൾ പിടിയിലായത്.
പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പോക്സോ കേസിലാണ് അങ്കമാലി സ്വദേശി ഐസക് ബെന്നിയെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പോലീസ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം റിമാൻഡ് ആവശ്യപ്പെട്ട് കോടതിയിൽ ഹാജരാക്കുന്നതിനായി ആലുവ സ്റ്റേഷനിലെ ലോക്കപ്പിൽ സൂക്ഷിക്കുകയായിരുന്നു.
ലോക്കപ്പ് പൂട്ടാൻ മറന്നുപോയതോടെ ലോക്കപ്പിന് അകത്ത് നിന്നും കൈയിട്ട്തുറന്ന് പ്രതി ചാടിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. ലോക്കപ്പ് തുറന്ന് പ്രതി രണ്ടാം നിലയിലേക്ക് ചാടിക്കയറിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഐസക് ബെന്നിയെ തിരികെ ആലുവ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചിട്ടുണ്ട്. ഇന്നുതന്നെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കാനാണ് നീക്കം.
അതേസമയം, പ്രതിയെ തിരികെ കിട്ടിയെങ്കിലും പ്രതി ചാടിപ്പോയ സംഭവത്തിൽ പോലീസുകാർക്കെതിരേ സസ്‌പെൻഷൻ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.