ബദിയടുക്ക: സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. പാടലടുക്കയിലെ അൻവറിനെയാണ് (33) കാസർകോട് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
14 കാരിയെയാണ് പീഡിപ്പിക്കാൻ ഇയാൾ ശ്രമിച്ചത്. പെൺകുട്ടി സ്കൂൾ വിട്ട് വീട്ടിലേക്ക് റോഡരികിലൂടെ നടന്നുപോകുമ്പോൾ കാറിലെത്തിയ അൻവർ വഴി ചോദിച്ചു. പെൺകുട്ടി വഴി പറഞ്ഞുകൊടുക്കുന്നതിനിടെ കാറിൽനിന്നിറങ്ങിയ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പെൺകുട്ടി അവിടെനിന്ന് ഓടിരക്ഷപ്പെട്ട് വീട്ടിലെത്തുകയും വിവരം പറയുകയും ചെയ്തു.
തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ബദിയടുക്ക പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് കാർ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. തുടർന്നാണ് അൻവറിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്.