രോഗിയോടൊപ്പം ആശുപത്രിയിൽ എത്തിയവരോട് അത്യാഹിത വാർഡിൽ ചെരിപ്പിടരുതെന്ന് പറഞ്ഞതിന് ഡോക്ടറെ വളഞ്ഞിട്ട് തല്ലി. തലയ്ക്ക് പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുവന്നവരാണ് ഡോക്ടറെ ആക്രമിച്ചത്. ഡോക്ടറെ മർദിച്ച മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. The patient’s entourage surrounded the doctor and beat him up: video
ഗുജറാത്തിലെ ഭാവ്നഗറിൽ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനുള്ളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ വീഡിയോയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിത സെക്ഷൻ 115 (2) (മുറിവേൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തി), 352 (സമാധാനം തകർക്കൽ), 351 (3) (ക്രിമിനൽ ഭീഷണി) എന്നിവ പ്രകാരം ഹിരേൻ ദംഗർ, ഭവദീപ് ദംഗർ, കൗശിക് കുവാഡിയ എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
സ്ത്രീയായ രോഗിയുമായെത്തിയ പുരുഷന്മാർ റൂമിൽ നിൽക്കുന്നതിനിടെ ഡോക്ടർ ജയ്ദീപ് സിൻഹ് ഗോഹിൽ അവിടെയെത്തി. രോഗിയുടെ കൂടെ വന്നവരോട് ചെരിപ്പ് പുറത്ത് അഴിച്ചിടാൻ ആവശ്യപ്പെട്ടു. ഇതോടെ ഡോക്ടറും കൂട്ടിരിപ്പുകാരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി.
തുടർന്നു ഇവർ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. സംഘം ചേർന്നുള്ള ആക്രമണത്തിനിടെ ഡോക്ടർ നിലത്തുവീണു. അതിനിടെ കട്ടിലിൽ കിടക്കുന്ന സ്ത്രീ എഴുന്നേറ്റുവന്നു. അവരും മുറിയിൽ ഉണ്ടായിരുന്ന നഴ്‌സും അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല.ഇതിനിടെ മുറിയിലുണ്ടായിരുന്ന സാധനങ്ങൾ അലങ്കോലമായി.