കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകക്കേസിലെ രണ്ടു പ്രതികൾക്കു പരോൾ നൽകാനുള്ള നീക്കത്തിനെതിരേ ഇരുവരുടേയും മാതാപിതാക്കൾ ഹൈക്കോടതിയിലേക്ക്.
പ്രതികൾക്ക്പരോൾ നൽകുന്നതു നാട്ടിൽ ക്രമസമാധാന പ്രശ്‌ന സാധ്യതയുണ്ടാക്കുമെന്നും അതിനാൽ, സർക്കാർ നീക്കം തടയണമെന്നുമാണു കുടുംബത്തിന്റെ വാദം. ജയിൽ ഉപദേശക സമിതി ആഭ്യന്തരവകുപ്പിനു നൽകുന്ന ശിപാർശ പ്രകാരമാണു സാധാരണയായി സർക്കാർ പരോൾ അനുവദിക്കുന്നത്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന എട്ടാം പ്രതി സുബീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവരാണു ഇപ്പോൾ പരോളിന് അപേക്ഷ നൽകിയിരിക്കുന്നത്.
ഇവരുടെ അപേക്ഷ അനുഭാവപൂർവം സർക്കാർ പരിഗണിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ഇവരുടെ അപേക്ഷയിൽ ജയിൽ അധികൃതർ പോലീസിന്റെ റിപ്പോർട്ട് തേടിയതായാണു വിവരം. വിധി വന്ന് ഒന്നരമാസം തികയും മുമ്പേയാണു പരോൾ അനുവദിക്കാൻ നീക്കം നടക്കുന്നത്. ജനുവരി മൂന്നിനാണു കൊച്ചി സി.ബി.ഐ. കോടതി കേസിലെ 14 പ്രതികൾക്കു ശിക്ഷ വിധിച്ചത്.
പരോളിന് അപേക്ഷിച്ച പ്രതികൾക്കു ജീവപര്യന്തം തടവിനുപുറമേ ഇരുവരേയും ഒരുലക്ഷം രൂപ വീതം പിഴയടക്കാനും കോടതി ശിക്ഷിച്ചിരുന്നു. പരോൾ അനുവദിക്കുന്നതു സർക്കാരിന്റെ വിവേചനാധികാരമാണെന്നും തങ്ങൾക്കു ഇക്കാര്യത്തിൽ നിയമപരമായി ഇടപെടാൻ കഴിയില്ലെന്നുമാണു അന്വേഷണം നടത്തിയ സി.ബി.ഐയുടെ നിലപാട്.
ഇക്കാര്യത്തിൽ സർക്കാരിനു സി.ബി.ഐയോടു അഭിപ്രായം ചോദിക്കേണ്ട കാര്യവുമില്ല. പെരിയകേസിൽ വിചാരണകോടതി വിധിക്കെതിരേ കുടുംബവും സി.ബി.ഐയും ഹൈക്കോടതിയിൽ അപ്പീൽ നൽകാനിരിക്കുന്നതിനിടെയാണു പ്രതികൾക്കു പരോൾ നൽകുന്നത്. വിധി പകർപ്പു പുറത്തുവന്നു 90 ദിവസം വരെ അപ്പീൽ നൽകാൻ അവസരമുണ്ട്.
ഇപ്പോൾ ഒരു മാസമേ ആയിട്ടുള്ളൂ. വൈകാതെ തന്നെ കുടുംബം ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നും ഒഴിവാക്കിയവരേയും ഉൾപ്പെടുത്തി ശിക്ഷ നൽകണമെന്നുമാണു കുടുംബം ഉന്നയിക്കുന്ന ആവശ്യം.
അതിനിടെ, നേരത്തെ ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കു പരോൾ ലഭിച്ചതുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങൾ ഇതിനിടെ പുറത്തു വന്നിരുന്നു. കേസിലെ മൂന്നു പ്രതികൾക്ക് ആയിരം ദിവസത്തിൽ കൂടുതൽ പരോൾ ലഭിച്ചു.