ന്യൂഡൽഹി: അനധികൃതമായി കുടിയേറിയ നൂറിലേറെ ഇന്ത്യക്കാരെ യു.എസ് തിരിച്ചയച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കഴിഞ്ഞ ദിവസം പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ രാജ്യസഭയിൽ യു.എസിൽനിന്ന് തിരിച്ചയക്കുന്ന സംഭവം പുതിയതല്ലെന്നും വർഷങ്ങളായി നടന്നുവരുന്ന കാര്യമാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞിരുന്നു.
2009 മുതൽ രാജ്യത്തേക്ക് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണവും വിദേശകാര്യ മന്ത്രി പുറത്തുവിട്ടു. ഇക്കാലയളവിൽ 15,756 അനധികൃത കുടിയേറ്റക്കാരെ യു.എസ് ഇന്ത്യയിലേക്ക് അയച്ചെന്നും ഏതെങ്കിലും ഒരു രാജ്യത്തു മാത്രമുള്ള പ്രശ്നമല്ല ഇതെന്നും ജയശങ്കർ പറയുന്നു.
വിദേശകാര്യ മന്ത്രി രാജ്യസഭയിൽ നൽകിയ കണക്കുകൾ പ്രകാരം 2019ലാണ് യു.എസിൽനിന്ന് ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ തിരിച്ചയച്ചത്. 2,042 പേരെയാണ് അക്കൊല്ലം മാത്രം രാജ്യത്തേക്ക് തിരിച്ചയച്ചത്. കോവിഡ് മഹാമാരി വ്യാപകമായ 2020ൽ 1,889 പേരെയും കഴിഞ്ഞ വർഷം 1,368 പേരെയും യു.എസ് നാടുകടത്തിയിട്ടുണ്ട്. 2016 (1,303), 2018 (1,180), 2017 (1,024) എന്നീ വർഷങ്ങളാണ് ഇതിനു പിന്നിലുള്ളത്.