കോട്ടയം: പാലാ മുനിസിപ്പാലിറ്റി ചെയർമാൻ ഷാജു തുരുത്തന് എതിരെ യുഡിഎഫ് സ്വതന്ത്രൻ കൊണ്ടുവന്ന അവിശ്വാസം പാസായി.
ഇടതു മുന്നണിയേയും, കേരളാ കോൺഗ്രസ് പാർട്ടിയേയും മാസങ്ങളോളം വെട്ടിലാക്കിയ പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തനെ അവിശ്വാസ പ്രമേയത്തിനനുകൂലമായി വോട്ട് പുറത്താക്കി.
പ്രമേയ അവതാരകനടക്കം യുഡിഎഫ് അംഗങ്ങളെല്ലാം അവിശ്വാസപ്രമേയത്തിൽ നിന്ന് വിട്ടുനിന്നു. എൽഡിഎഫ് അംഗങ്ങളിൽ ചെയർമാനൊഴികെ മറ്റെല്ലാവരും പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു. മുന്നണി ധാരണ പ്രകാരം രാജിവെക്കാതെ വന്നതോടെയാണ് കേരളാ കോൺഗ്രസ് അംഗമായ ഷാജു തുരുത്തനെ സ്വന്തം പാർട്ടിക്കാരടക്കം കൈവിട്ടതും ഇപ്പോൾ പുറത്താക്കിയതും.
ഷാജു തുരുത്തനോട് രാജിവെക്കണമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി അടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. പാർട്ടിയുടെ നിർദ്ദേശം ഇയാൾ അംഗീകരിക്കാത്തതോടെയാണ് അവിശ്വാസത്തെ പിന്തുണയ്ക്കാൻ കേരള കോൺഗ്രസ് (എം) തീരുമാനിക്കുകയായിരുന്നു. ഇന്ന് 11 മണിക്കാണ് നഗരസഭയിൽ അവിശ്വാസ പ്രമേയത്തിനായി യോഗം ചേര്ൃന്നത്. പ്രതിപക്ഷത്തെ സ്വതന്ത്ര അംഗം ജിമ്മി ജോസഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ എൽ.ഡി.എഫ് അംഗങ്ങൾ വോട്ടു ചെയ്യുകയായിരുന്നു.14 വോട്ട് ഭരണകക്ഷി അവിശ്വാസത്തിന് അനുകൂലമായി ചെയ്തു.
ഇനിയുള്ള ഊഴം കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിലെ തന്നെ തോമസ് പീറ്ററിനാണ്.