പാലക്കാട്∙ സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു പേർ മരിച്ചു. സൂര്യാഘാതമേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാഹിയിലെ പന്തക്കൽ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥൻ (53), പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കൽ വീട്ടിൽ പരേതനായ കൃഷ്‌ണന്റെ ഭാര്യ ലക്ഷ്‌മിയമ്മ (90) എന്നിവരാണ് മരിച്ചത്. ലക്ഷ്മിയമ്മയെ ഇന്നലെ ഉച്ചയ്ക്ക് ഒന്നര മുതൽ വീട്ടിൽനിന്നും കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വൈകിട്ട് അഞ്ചരയോടെ പള്ളത്തേരിയിലെ ആളിയാർ കനാലിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇന്നു രാവിലെ ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണ കാരണം സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്.കിണർ പണിക്കിടയിൽ തളർന്ന് വീണ വിശ്വനാഥൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.