ലണ്ടൻ: കേരളത്തിലെ ക്ഷേത്രങ്ങളിൽ വിശേഷപൂർവ്വം ആഘോഷിച്ചു വരുന്ന മീനഭരണി മഹോത്സവം യുകെയിൽ സംഘടിപ്പിച്ച് ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും.
ലണ്ടൻ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ നടന്ന ഉത്സവത്തോട് അനുബന്ധിച്ച് പൊങ്കാല സമർപ്പണം, ദേവീ ഉപാസന, മഹിഷാസുര മർദിനി സ്‍തുതി, നാമജപം, ദീപാരാധന, അന്നദാനം എന്നിവ നടന്നു.
മീന മാസത്തിലെ പ്രധാന വിശേഷങ്ങളിലൊന്നാണ് മീനഭരണി. ദേവീഭക്തർക്ക് മന്ത്രങ്ങൾ ഉരുവിട്ട് ഭദ്രകാളിപ്രീതിവരുത്തി ദോഷശാന്തി കൈവരിച്ച് ജീവിതവിജയം നേടുവാൻ ഏറ്റവും അനുകൂലമായ ദിവസമാണ് ഇത്.
ദുഷ്ടസങ്കല്പമായ തിന്മയ്ക്കു മേൽ ദേവീസങ്കല്പമായ നന്മയുടെ വിജയം ക്ഷേത്രാചാരങ്ങളിൽ പ്രകടമാകുന്ന ദിനം കൂടിയാണ് മീനഭരണി.
ഭദ്രകാളി സങ്കല്പത്തിന്റെ കാരകഗ്രഹമായ കുജന് ബലമുള്ള രാശിയായ മീനത്തിലേക്ക് ആദിത്യൻ പ്രവേശിക്കുന്നതോടെ ഭദ്രയുടെ തീഷ്ണത വർദ്ധിക്കുമെന്നാണ് ഐതിഹ്യം. മീനഭരണി ദിവസം ഈ തീഷ്ണത പ്രകൃതിയിൽ ലയിച്ച് ചൂട് ഉച്ചസ്ഥായിലാകും.
ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ഭക്തർ പങ്കെടുത്ത മഹോത്സവത്തിന് ഭക്തി നിർഭരമായ പരിസമാപ്തിയായി.
ലണ്ടനിൽ ഗുരുവായൂരപ്പ ക്ഷേത്രത്തിനായി പ്രവർത്തിക്കുന്ന സംഘടനകളാണ് ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും.









