തൊടുപുഴ: തൊടുപുഴ നഗരസഭയിൽ സി.പി.എം ചെയർമാനെതിരെ ഇടത് മുന്നണിയുടെ അവിശ്വാസ പ്രമേയം നാളെ. നഗരസഭ ചെയർമാൻ സനീഷ് ജോർജിനെതിരെയാണ് ഇടത് അംഗങ്ങൾ തന്നെ നാളെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.The left members themselves will present a no-confidence motion against Saneesh George tomorrow
കൈക്കൂലി കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് സനീഷ് ജോർജ്ജിനോട് രാജിവെക്കാൻ സിപിഎം നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പാർട്ടിയുടെയും മുന്നണിയുടെയും നിർദ്ദേശം തള്ളിയ സനീഷ് ജോർജ്ജ് ചെയർമാൻ സ്ഥാനത്ത് തുടർന്നതോടെയാണ് സ്വന്തം മുന്നണി തന്നെ ഇദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്.
കൈക്കൂലി കേസിൽ പ്രതി ചേർക്കപ്പെട്ട നഗരസഭ ചെയർമാനോട് മുന്നണി ആവശ്യപ്പെട്ടിട്ടും രാജി വച്ചിരുന്നില്ല. ചെയർമാൻറെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളായ യു.ഡി.എഫും ബി.ജെ.പിയും പ്രതിഷേധ സമരങ്ങൾ തുടരുന്നതിനിടെയാണ് സ്വന്തം മുന്നണി കൂടി പിന്തുണ പിൻവലിച്ചതായി അറിയിച്ചത്.
എന്നാൽ രാജി വയ്ക്കില്ലന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്. ഇതേ തുടർന്നാണ് കൂടുതൽ ശക്തമായ നീക്കവുമായി എൽ.ഡി.എഫ് രംഗത്തു വന്നത്.
ചെയർമാൻറെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളായ യു. ഡി.എഫും ബി.ജെ.പിയും പ്രതിഷേധം തുടരുന്നതിനിടെയാണ് അവിശ്വാസ പ്രമേയം. ഇതിനോട് ഇരു മുന്നണികളും എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ശ്രദ്ദേയം.
അഴിമതിക്ക് എതിരായി ശക്തമായ നിലപാടാണ് എൽഡിഎഫിനുള്ളതെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി വർഗീസ് പറഞ്ഞു. കൈക്കൂലി വാങ്ങുന്നതും പ്രേരിപ്പിക്കുന്നതും അഴിമതിയാണ്. അതുകൊണ്ടാണ് അത്തരമൊരു ആക്ഷേപം വന്നപ്പോൾ ചെയർമാൻ സനീഷ് ജോർജിനോട് രാജിവയ്‍ക്കാൻ മുന്നണി ഏകകണ്ഠമായി ആവശ്യപ്പെട്ടത്.
എന്നാൽ അദ്ദേഹം നിയമത്തെ വെല്ലുവിളിച്ച് സ്വയം രക്ഷപെടാനാണ് ശ്രമിക്കുന്നത്. അവിശ്വാസം കൊണ്ടുവരാതെ രാജിവയ്‍ക്കാൻ ആവശ്യപ്പെട്ടത് മുന്നണിക്ക് കേവല ഭൂരിപക്ഷം ഇല്ലാത്തതിനാലാണ്.
ഇക്കാര്യത്തിൽ കോൺഗ്രസും ബിജെപിയും നിലപാട് വ്യക്തമാക്കണം. അവിശ്വാസ പ്രമേയത്തെ അവർ പിന്തുണച്ചാൽ ഞങ്ങൾ സ്വീകരിക്കും. ചെയർമാൻ സ്ഥാനം രാജിവച്ച് എൽഡിഎഫിനോട് പറഞ്ഞ വാക്കുപാലിക്കാൻ സനീഷ് ജോർജ് തയ്യറാകണം.
എല്ലാവരും ഒന്നിച്ചാൽ അദ്ദേഹത്തെ കൗൺസിലർ സ്ഥാനത്തുനിന്നുപോലും പുറത്താക്കാം. അത് രണ്ടാംഘട്ടത്തിൽ ആലോചിക്കേണ്ടതാണ്. കോൺഗ്രസോ ബിജെപിയോ പിന്തുണച്ചില്ലെങ്കിൽ അവർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന സമരം പൊറാട്ടുനാടകമാണെന്ന് വ്യക്തമാകും.
ചെയർമാന്റെ ഏത് വെളിപ്പെടുത്തലും സ്വാഗതം ചെയ്യുന്നു. ഞങ്ങൾക്ക് ഉത്‍കണ്ഠയില്ല. സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുകയെന്ന കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായാണ് അർബൻ ബാങ്കിന്റെ പ്രവർത്തനം തടയുന്നത്. ഇതിനെ നിയമപരമായും രാഷ്‍ട്രീയപരമായും നേരിടും. മൂന്നാർ സഹകരണ ബാങ്കിനെതിരെയുള്ള സഹകരണ സ്ഥാപനങ്ങളെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ്. കഴിഞ്ഞവർഷം 1.45 കോടിരൂപയാണ് ബാങ്കിന്റെ ലാഭം- സിവി വർഗ്ഗീസ് പറഞ്ഞു.