വര്‍ണാഭമായ വസ്ത്രങ്ങളണിഞ്ഞ് ഒരുപറ്റം സ്ത്രീകള്‍ ഒരു നവവധുവിനെ നദിയിലേക്കാനയിക്കുകയായിരുന്നു. കിഴക്കു ദിക്കിലേക്ക് തിരിഞ്ഞുനിന്ന് അവര്‍ നവവധുവിനെ മൂന്നു വട്ടം നദിയില്‍ മുക്കി. അതിനു ശേഷം നദിയില്‍ പൂക്കള്‍ അര്‍പ്പിച്ചു.
ഇതെല്ലാം കണ്ടുകൊണ്ടു വരനും കൂട്ടരും ദൂരെ മാറി നില്‍ക്കുന്നുണ്ടായിരുന്നു. വിചിത്രമായ ഈ ആചാരം കണ്ടത് ഹമ്പിയിലെ തുംഗഭദ്ര തീരത്താണ്. ചെയ്തുകൂട്ടിയ സകല പാപങ്ങളും പുണ്യ നദിയിലുപേക്ഷിച്ച ആ നവവധുവിനെ അവര്‍ പുതിയ ജീവിതത്തിലേക്ക് ആനയിക്കുകയായിരുന്നു.
ബഹുവര്‍ണ കുപ്പായമണിഞ്ഞ് മുത്തുമാലകളും മരവളകളും ചാര്‍ത്തിയ ആ ലംബാനി വധുവിനെ നദി ദേവി അനുഗ്രഹിച്ചിരിക്കുന്നു നദി ഇവര്‍ക്ക് അമ്മയാണ.്
ഈ നദി തീരമാണ് ദൈവങ്ങളെ ശില്‍പ്പങ്ങളില്‍ ആവാഹിച്ച ഹമ്പി.The land that invoked gods in sculptures
ഇവിടെ ജനിച്ചു വളര്‍ന്ന ഇവരുടെ മനസ് ദൈവങ്ങളേക്കാളുപരി
നദികളെ ആരാധിക്കുന്നു. ഗതകാല പ്രതാപം തേടിയെത്തുന്ന സഞ്ചാരികള്‍ക്ക് തുംഗഭദ്രയും നദീ തീരത്തെ ചരിത്രമുറങ്ങുന്ന കരിങ്കല്‍ ശില്‍പ്പങ്ങളും എന്നും പ്രിയപ്പെട്ടവയാണ്.
എരുമച്ചാണകം നിറഞ്ഞ രാജവീഥികളിലൂടെ സഞ്ചരിച്ചാല്‍ റിവര്‍ വ്യൂ ഹോട്ടലുകളും ഇറ്റാലിയന്‍ മുതല്‍ ഇസ്രയേലി വരെ ഏതു വിഭവവും പരസ്യം ചെയ്യുന്ന റെസ്‌റ്റൊറന്റുകളും, ഒരു നേരത്തെ അന്നത്തിന് സഞ്ചാരികളെ തേടുന്ന യോഗാധ്യാപകര്‍ മുതല്‍ പൂജാരികള്‍, ഡ്രൈവര്‍മാര്‍, തീര്‍ത്ഥാടകര്‍ക്ക് തേങ്ങയും പൂക്കളും സഞ്ചാരികള്‍ക്ക് ഭൂപടവും ചെറുശില്പങ്ങളും വില്‍ക്കുന്നവര്‍ വരെയുള്ള കൃഷണദേവയാരുടെ ഇന്നത്തെ പ്രജകളെ കാണാം.
അസംഖ്യം ക്ഷേത്രങ്ങളും ക്ഷേത്രാവശിഷ്ടങ്ങളും നിറഞ്ഞ ഹമ്പിയില്‍ സഞ്ചാരികള്‍ക്ക് പ്രിയം വിരൂപാക്ഷേശ്വര ക്ഷേത്രത്തോട്. വിരൂപാക്ഷന്‍ എന്ന പേരുപോലെ തന്നെ ഇവിടത്തെ ശിവ പ്രതിഷ്ഠ കാമനെ ഭസ്മീകരിക്കാന്‍ തൃക്കണ്ണ് തുറന്നു നില്‍ക്കുന്നു. ക്ഷേത്രത്തിനടുത്തുള്ള ചെറുശില്പങ്ങള്‍ വില്‍ക്കുന്ന കടയുടെ ഉമ്മറത്തിരുന്ന് രാമയ്യന്‍ ഹമ്പിയുടെ നൂറു നൂറ് കഥകള്‍ പറഞ്ഞുതുടങ്ങി.
രാവണന്‍ അപഹരിച്ച സീതയെ തേടിയെത്തിയ രാമലക്ഷ്മണന്‍മാര്‍ ഹനുമാനെ കണ്ടുമുട്ടിയതും. അപഹരിച്ചു കൊണ്ടുപോകുന്നതിനിടയില്‍ സീതാദേവി പുഷ്പക വിമാനത്തില്‍ നിന്നും താഴേക്കിട്ടുകൊടുത്ത ആഭരണങ്ങള്‍ സുഗ്രീവന്‍ സൂക്ഷിച്ചു വെച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഗുഹയും, ബാലി വധവും, സുഗ്രീവന്റെ കിരീടധാരണവും, ഹനുമാന്‍ നടത്തിയ ലങ്കാ യാത്രയും, സേതു ബന്ധനം തുടങ്ങാന്‍ മഴമാറി മാനം തെളിയും വരെയുള്ള രാമലക്ഷ്മണന്‍മാരുടെ കാത്തിരിപ്പും അങ്ങനെ നൂറു നൂറ് കഥകള്‍…..
രാമയ്യന്‍ പറഞ്ഞ കഥകളെല്ലാം ശില്‍പ്പങ്ങളായി മാതംഗ, മല്യവന്ത, ഋഷിമുഖാ എന്നീ മലനിരകളിലും താഴ്‌വരകളിലുമായി ചിതറിക്കിടക്കുന്നു. ഇവിടെയാണ് പതിനാറാം നൂറ്റാണ്ടിലെ മഹാദ്ഭുതം എന്നു വിശേഷിപ്പിക്കാവുന്ന ഫൊട്ടോഗ്രഫി. ഒരു ചെറിയ ദ്വാരത്തിലൂടെ നോക്കിയാല്‍ ലെന്‍സിന്റെ സഹായമില്ലാതെ ക്ഷേത്രകവാടം തലകീഴായി ഉള്‍മതിലില്‍ പ്രതിഫലിക്കുന്നത് കാണാം.
കുന്നിറങ്ങി ഹേമകുടയിലേക്ക്. അവിടെ ഒറ്റക്കല്ലില്‍ തീര്‍ത്ത ഭീമാകാരനായ ഗണപതി വിഗ്രഹം കാണാം ഈ ഗണപതിയുടെ വയറിന്റെ സവിശേഷ ആകൃതി കാരണമാണെന്നു തോന്നുന്നു ശശിവേകലു ഗണേശ എന്നാണ് ഇവിടത്തുകാര്‍ വിളിക്കുന്നത്. മുന്നോട്ടു നടന്നാല്‍ അത്ഭുതങ്ങളുടെ ആള്‍ രൂപമായി ഏഴു മീറ്ററോളം ഉയരമുള്ള നരസിംഹാവതാരത്തിന്റെ ഒറ്റക്കല്‍ പ്രതിമ.
കാലചക്രം ഇതിനെ തച്ചുടച്ചിരിക്കുന്നു. ശില്പത്തിന്റെ മേല്‍ക്കൂരയും നാല്
കൈകളും കാണാനില്ല. ആലിംഗനം ചെയ്യുന്ന വലതു കൈ ഇടതു തുടയിലിരുന്ന ലക്ഷ്മിയുടേതാവാം. ലക്ഷ്മി-നരസിംഹം കൊത്തിച്ചത് കൃഷ്ണദേവരായിരുന്നെങ്കില്‍ തൊട്ടടുത്തുള്ള ബദാവി ലിംഗക്ഷേത്രം പണിയിച്ചത് പേരറിയാത്ത ഒരു സാധുസ്ത്രീ ആയിരുന്നുവത്രേ.
ബദാവി ലിംഗക്ഷേത്രത്തിലെ മൂന്ന് മീറ്റര്‍ ഉയരമുള്ള ശിവലിംഗവും യോനീപീഠവും അവിടെത്തന്നെ നിന്നിരുന്ന ഒറ്റക്കല്ലില്‍ കൊത്തിയതാണ്.
ഇനി വിറ്റാലാ ക്ഷേത്രത്തിലേക്ക്. പതിനഞ്ചാം നൂറ്റാണ്ടില്‍ പണിത ഈ ശ്രീരാമ ക്ഷേത്രം വിജയരാജ കാലത്തെ വാസ്തുവിദ്യയുടെ അവസാനവാക്കാവുന്നു.
വിറ്റാലാ ക്ഷേത്രത്തിലെ കിഴക്കെ നടയിലൂടെ അകത്തു പ്രവേശിച്ചാല്‍ നമ്മെ എതിരേല്‍ക്കുന്നത് കരിങ്കല്ലില്‍ കൊത്തിയ ഒരു പടുകൂറ്റന്‍ രഥമാണ്. ഒറ്റനോട്ടത്തില്‍ ഒറ്റക്കല്ലില്‍ കൊത്തിയതാണെന്നു തോന്നുമെങ്കിലും കൂറ്റന്‍ കരിങ്കല്‍ പാളികള്‍ ഉപയോഗിച്ചാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്.
വിറ്റാലയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ആയിരം കല്‍ മണ്ഡപം. പതുക്കെ മുട്ടിയാല്‍ സംഗീതം പൊഴിക്കുന്ന, എണ്ണിയാലൊടുങ്ങാത്ത ഒറ്റക്കല്‍ തൂണുകളില്‍ സപ്തസ്വരങ്ങള്‍ മീട്ടാന്‍ കഴിയില്ലെങ്കിലും സഞ്ചാരികള്‍ ഈ തൂണുകളില്‍ സിംഫണികള്‍ തീര്‍ക്കാന്‍ ശ്രമിക്കകറുണ്ട്.
അനന്തര ഫലമായി ഈ തൂണുകളില്‍ പലതിനും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട് അതുകൊണ്ടു തന്നെ പരീക്ഷണങ്ങള്‍ നടത്തുന്നതിന് ഇപ്പോള്‍ വിലക്കുമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇനി നിരനിരയായി രാമായണ കഥാ സന്ദര്‍ഭങ്ങള്‍ കൊത്തിവെച്ച മതില്‍ക്കെട്ടുകളോടു കൂടിയ ഹസാരരാമക്ഷേത്രത്തിലേക്ക് അവിടെഅന്തപ്പുരം ഉള്‍ക്കൊള്ളുന്ന സെനാന എന്‍ക്ലോഷറിലെ മനോഹരമായ ലോട്ടസ് മഹല്‍.
അധിനിവേശ കാലത്ത് ഏറെ പരിക്കുകളില്ലാതെ രക്ഷപ്പെട്ട ഹമ്പിയിലെ അപൂര്‍വം കെട്ടിടങ്ങളില്‍ ഒന്ന്. മുകളില്‍ നിന്നു നോക്കിയാല്‍ ഒരു താമരപോലെ തോന്നിക്കുന്ന ഈ രണ്ടുനിലക്കെട്ടിടം. ഭീമാകാരന്‍മാരായ ഒറ്റക്കല്‍ തൂണുകളില്‍ തീര്‍ക്കുന്ന വിജയനഗര വാസ്തുശില്‍പ വിദ്യക്ക് പകരം ഇന്‍ഡോ ഇസ്ലാമിക് വാസ്തുശില്‍പ വിദ്യകളുടെ ഒരു സങ്കര സൃഷ്ടിയാണ് ലോട്ടസ് മഹല്‍.
ലോട്ടസ് മഹല്‍ പണിതിരിക്കുന്നത് ഇഷ്ടികയും ചാന്തും
ഉപയോഗിച്ചാണ്.
മുന്നോട്ടു നടന്നാല്‍ പാറക്കെട്ടുകള്‍ നിറഞ്ഞ നദിയില്‍ ശിവലിംഗങ്ങള്‍ക്കും നന്ദി രൂപങ്ങള്‍ക്കുമിടയില്‍ വിനോദത്തിനെത്തിയവര്‍ കുടുംബസമേതം മുങ്ങിക്കുളിക്കുന്നത് കാണം. തീര്‍ത്ഥാടനത്തിനെത്തിയവര്‍ മുക്കുവരുടെ കൊട്ടകവഞ്ചികള്‍ വാടകയ്‌ക്കെടുത്ത് അക്കരെ അനെഗുഡിയിലെ പുരാതന ക്ഷേത്രങ്ങളിലേക്ക് പോകുന്നതു കാണാം.
പലരും പലവട്ടം ഹമ്പിയെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ദേവരായരുടെ കാലത്തോളം ഹമ്പി പ്രതാപം നിലനിര്‍ത്തി.. ഒടുവില്‍ 1565ലെ തളിക്കോട്ട യുദ്ധത്തില്‍ ഹംമ്പി വീണു. വിജയനഗരം തെക്ക് തിരുപ്പതിക്കടുത്ത് ചന്ദ്രഗിരിയിലേക്ക് മാത്രമായി ഒതുങ്ങി.
ദക്ഷിണെന്ത്യയിലെ ഏറ്റവും വലിയ സാമ്രാജ്യം ഇരുപത്തിയൊന്നാണ്ട് ഭരിച്ച ശ്രീകൃഷ്ണദേവരായര്‍ സാഹിത്യത്തിന്റെയും കലയുടേയും ഉപാസകനായിരുന്നു.
അന്ന് ഹമ്പി നിവാസികള്‍ ഉണര്‍ന്നിരുന്നത് ഉളിയൊച്ച കേട്ടാവണം. ഇനിയും പൂര്‍ത്തിയാകാത്ത ശില്‍പ്പങ്ങളും ഒരുപാടുണ്ടിവിടെ. മാതുംഗമലയിലെങ്ങും കൊത്തിയ കല്ലുകള്‍ ചിതറിക്കിടക്കുന്നു. കല്ലമ്പലങ്ങളാണ് ചുറ്റും. പലതിലും വിഗ്രഹങ്ങളില്ല. ആരാധനയുമില്ല. സഞ്ചാരികള്‍ അധികം ശ്രദ്ധിക്കാത്തിടം.
ഗ്രാമീണര്‍ക്ക് ഇതൊരു പൊതുശൗചാലയം. എങ്ങും കാണപ്പെടുന്നതിനാലാവാം, കാര്യ സാധ്യത്തിന് ദൈവങ്ങളുടെ സാന്നിധ്യം അവരെ അലോസരപ്പെടുത്തുന്നില്ല.
സഞ്ചാരികളുടെ കണ്ണില്‍പെടാതെ നെല്ലും ചോളവും കരിമ്പും കൃഷി ചെയ്യുന്ന ചെറുഗ്രാമങ്ങള്‍. പോര്‍നിലങ്ങളും ശത്രുസംഹാരങ്ങളും കല്‍മണ്ഡപങ്ങളില്‍ നിറയുന്നു. ഹസാരരാമ ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ ശില്പങ്ങളില്‍ രാമായണം ആലേഖനം ചെയ്തിരിക്കുന്നു.
ഹമ്പിയില്‍ നിരവധി ശൈലികള്‍ കൂടിക്കലരുന്നു. സനാനയില്‍ ഇന്‍ഡോ-ഇസ്‌ളാമിക് വാസ്തുവിദ്യലുള്ള ലോട്ടസ് ടെമ്പിള്‍, രാജധാനി, അന്തപുരം തുടങ്ങി ബുദ്ധശില്പങ്ങളും ജൈനക്ഷേത്രങ്ങളും വരെയുണ്ട്.
ഭീമാകാരമായ മണ്ഡപങ്ങളും അവയ്ക്കടിയിലൂടെ ഭൂഗര്‍ഭപാതകളും. സ്‌നാനഘട്ടങ്ങളും അവയിലേക്ക് വെള്ളമെത്തിക്കുന്ന കല്ലോവുകളും.
അക്വാഡക്റ്റുകള്‍ വഴിയുള്ള ജലസേചനം ഹമ്പിയുടെയും സാമ്രാജ്യത്തിന്റെയും വളര്‍ച്ചയ്ക്ക് കളമൊരുക്കിയ ഘടകങ്ങളില്‍ പ്രധാനമാണ്.
വിജയനഗരത്തിന്റെ നഷ്ടപ്രതാപം വിത്തല ക്ഷേത്രത്തില്‍ പൂര്‍ത്തിയാകുന്നു. പൂര്‍വികര്‍ പണിയിച്ച ക്ഷേത്രത്തിലെ ഒറ്റക്കല്‍ രഥം അതില്‍ പ്രധാനം. കര്‍ണാടക ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണ് ചലിക്കാത്ത ഈ രഥം.
അതിനടുത്ത് കാംപ്‌ളി.
അവിടെനിന്ന് തുടങ്ങുന്നു വിജയനഗരത്തിന്റെ പുരാവൃത്തം. കാംപ്‌ളി വീഴ്ത്തിയ ദില്ലി സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ തുഗ്‌ളക് പടനായകരായ ഹരിഹരയെയും ബുക്കയെയും തടവുകാരാക്കിയെന്നും അവര്‍ പിന്നീട് ദില്ലിയെ വെല്ലുവിളിക്കുന്ന ദക്ഷിണേന്ത്യന്‍ സാമ്രാജ്യം സ്ഥാപിച്ചെന്നുമുള്ള പുരാവൃത്തം.
വിജയനഗരത്തെപ്പറ്റിയുള്ള വിവരണങ്ങളിലധികവും നമുക്ക് ലഭിച്ചത് രണ്ട് പോര്‍ച്ചുഗീസ് സഞ്ചാരികളില്‍ നിന്നാണ് ഡൊമീംഗോ പയസും ന്യൂണിസും.
ലോകംതന്നെ അത്ഭുതപ്പെട്ടു ഹമ്പിയിലെ കോട്ടകൊത്തളങ്ങളും അന്തഃപുരങ്ങളും ആനപ്പന്തികളും പുനരുത്ഥാനം ചെയ്തപ്പോള്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഹമ്പിയില്‍ ഖനനം തുടരുകയാണ് ഇനിയും വെളിപ്പെടാനുള്ള വിസ്മയങ്ങള്‍ക്കായി…………………..
ഹമ്പിയിലെത്താന്‍
കൊച്ചിയില്‍നിന്ന് 888 കിലോമീറ്ററും ബംഗളൂരുവില്‍നിന്ന് 364 കിലോമീറ്ററുമാണ് ഹമ്പിയിലേക്കുള്ള ദൂരം. ഹോസ്‌പെട്ടാണ് ഹമ്പിയിലേക്കുള്ള പ്രധാനപ്പെട്ട പ്രവേശനമാര്‍ഗം. ഹോസ്‌പെട്ടില്‍ നിന്ന് ഹമ്പിയിലേക്കുള്ള 14 കിലോമീറ്റര്‍ ബസിലോ ഓട്ടോറിക്ഷയിലോ യാത്ര ചെയ്യാം.