പാലിയേക്കര ടോള്‍ വിലക്ക് തുടരും
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച നടപടി ഹൈക്കോടതി നീട്ടി. കാട്ടി നാഷണല്‍ ഹൈവേ അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
സര്‍വീസ് റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി വരുന്നതിനാല്‍ ടോള്‍ പിരിവ് പുനഃസ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഹർജി നൽകിയത്. ഹര്‍ജി ഹൈക്കോടതി നാളെയും പരിഗണിക്കും.
ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചായിരുന്നു കഴിഞ്ഞമാസം നാലാഴ്ചത്തേയ്ക്ക് ടോള്‍ പിരിവ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്.
ഈ സമയപരിധി അവസാനിക്കുന്ന പശ്ചാത്തലത്തിൽ നാഷണല്‍ ഹൈവേ അതോറിറ്റി നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കോടതി പരിഗണിക്കുകയായിരുന്നു.
മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ പ്രധാനമായി നാലു ബ്ലാക്ക് സ്‌പോട്ടുകളാണ് ഉള്ളത്. ഇവിടെ ഇപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ക്ക് ആശ്വാസമായി ടോള്‍ പിരിവ് വിലക്ക് ഹൈക്കോടതി നീട്ടിയത്.
ആദ്യം റോഡ് പണി, എന്നിട്ടാകാം ടോൾ…പാലിയേക്കരയിൽ തൽക്കാലം ടോൾ പിരിവില്ല; ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുമതി നൽകണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി.
സർവീസ് റോഡിന് വീതി കൂട്ടി ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്ന് കോടതി നിയോഗിച്ച മൂന്നംഗ സമിതി ഹൈക്കോടതിയെ അറിയിച്ചു.
തുടർന്ന് ടോൾ പിരിവിന് ഏർപ്പെടുത്തിയ നിരോധനം അടുത്തമാസം ഒമ്പതു വരെ ഹൈക്കോടതി നീട്ടി.
സർവീസ് റോഡുകൾ നന്നാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ടോൾ പിരിവിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻഎച്ച്എഐ കോടതിയെ സമീപിച്ചത്. ഇതിനായി ഏതാനും ചിത്രങ്ങളും സമർപ്പിച്ചിരുന്നു.
എന്നാൽ റോഡ് നിർമ്മാണം മന്ദഗതിയിലാണ് നടക്കുന്നതെന്നും, സർവീസ് റോഡുകൾ ഇതുവരെയും പൂർണമായും നവീകരിച്ചിട്ടില്ലെന്നും, വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതുകൊണ്ടാണ് ഗതാഗതക്കുരുക്കിന് നേരിയ ശമനം ഉള്ളതെന്നും കോടതി നിയോഗിച്ച മൂന്നംഗ സമിതി ഹൈക്കോടതിയെ അറിയിച്ചു.
എന്നാൽ ഓണക്കാലത്ത് കൂടുതൽ വാഹനങ്ങൾ എത്തുമ്പോൾ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായേക്കുമെന്നും, റോഡുകളുടെ അറ്റകുറ്റപ്പണി പൂർണമായി തീർത്താലേ ടോൾ പരിക്കാൻ അനുവദിക്കാവൂ എന്നും മൂന്നംഗ സമിതി നിർദേശിച്ചു.
ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ആർടിഒ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് സർവീസ് റോഡിന് വീതി കൂട്ടി ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്ന റിപ്പോർട്ട് കോടതിയിൽ നൽകിയത്.
സമിതിയുടെ വാദം മുഖവിലക്കെടുത്തുകൊണ്ടാണ് ദേശീയ പാത അതോറിറ്റിയുടെ ആവശ്യം കോടതി നിരാകരിച്ചത്.
ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ടോൾ പിരിവിന് അനുമതി നിഷേധിച്ചത്. ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മൂന്നംഗ സമിതി വീണ്ടും സ്ഥലത്തെത്തി പരിശോധിച്ച് ഒരു റിപ്പോർട്ട് കൂടി സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.
ഇതോടെ ഓണക്കാലത്ത് ടോൾപിരിവ് നടത്താനുള്ള ദേശീയപാതാ അതോറിറ്റിയുടേയും കരാർ കമ്പനിക്കാരുടേയും നീക്കമാണ് പാളിയത്.
Summary: The Kerala High Court extended the temporary suspension of toll collection at Paliyekkara. The order was issued by a division bench while considering the petition filed by the National Highway Authority of India (NHAI).









