ബെംഗളൂരു: മാസപ്പടി വിവാദത്തില്‍ എസ്എഫ്ഐഒ തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയൻ നൽകിയ ഹർജി കര്‍ണാടക ഹൈക്കോടതി തള്ളി. എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടു. അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
വിധിയുടെ വിശദവിവരങ്ങള്‍ ശനിയാഴ്ച രാവിലെ 10.30-ന് നല്‍കാമെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കി. റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) അന്വേഷണം പുരോഗമിക്കുന്നതിനിടെ മറ്റൊരു വകുപ്പ് ചുമത്തി സമാന്തര അന്വേഷണം നടത്തുന്നതിനെയാണ് എക്സാലോജിക് ചോദ്യം ചെയ്തത്. എന്നാൽ, സിഎംആർഎലിൽനിന്ന് 1.72 കോടി രൂപ എക്സാലോജിക് കൈപ്പറ്റിയതിനു തെളിവുണ്ടെന്നും ഗുരുതര കുറ്റമാണെന്നും വിപുലമായ അധികാരമുള്ള ഏജൻസി തന്നെ അന്വേഷിക്കേണ്ടതുണ്ടെന്നും എസ്എഫ്ഐഒ വാദിച്ചു.
വീണാ വിജയന്‍ ഡയറക്ടറായ എക്‌സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡിവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവര്‍ക്കെതിരെയാണ് 2013-ലെ കമ്പനീസ് ആക്ട് 212 ഒന്ന്(എ), ഒന്ന് (സി) വകുപ്പുകള്‍ പ്രകാരം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്.
Read Also: കണ്ണൂർ, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകൾ ചുട്ടു പൊള്ളുന്നു; യെല്ലോ അലർട്ട്, ജാഗ്രത വേണം