കോഴിക്കോട്: കാഫിർ വിവാദത്തിൽ സ്ക്രീൻഷോട്ട് നിർമിച്ചത് റിബേഷ് ആണെന്ന് തെളിയിക്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. ആരോപണം തെളിയിച്ചാൽ 25 ലക്ഷം രൂപ ഇനാമായി നൽകാമെന്നാണ് പ്രഖ്യാപനം. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി ആണ് പ്രഖ്യാപനം നടത്തിയത്.(The Kafir Controversy; DYFI will pay 25 lakhs to those who prove)
ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റാണ് റിബേഷ്. സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് റിബേഷ് ആണെന്നായിരുന്നു പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. റിബേഷിന്റെ ഫോൺ വിശദമായ പരിശോധനക്കായി പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം ഡി.വൈ.എഫ്.ഐക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. സ്ക്രീൻഷോട്ട് നിർമിച്ചയാളെ കണ്ടെത്തിയാൽ പണം യൂത്ത് കോൺഗ്രസ് നൽകുമെന്നാണ് പ്രഖ്യാപനം. സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫാണ് ഫേസ്ബുക്കിൽ മറുപടി നൽകിയത്.
കാഫിർ സ്‌ക്രീൻഷോട്ടിന്റെ പേരിൽ റിബേഷിനെതിരെ നടക്കുന്നത് വിദ്വേഷ പ്രചാരണമെന്ന് സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന വിഷയത്തിൽ മാധ്യമങ്ങളും, ലീഗ്, കോൺഗ്രസ് നേതൃത്വവും അനാവശ്യമായി റിബേഷിനെ പ്രതിയാക്കുകയാണെന്നും സംസ്ഥാന പ്രസിഡന്റ് വി. വസീഫും ജനറൽ സെക്രട്ടറി വി.കെ സനോജും പറഞ്ഞു.