ചാലക്കുടി: ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് കൊള്ള നടത്തിയ റിജോ ആൻ്റണി കൃത്യമായ പ്ലാനിംഗോടെയാണ് കവർച്ച നടത്തിയതെങ്കിലും മോഷണത്തിനിടെ വരുത്തിയ ചെറിയൊരു പിഴവാണ് അന്വേഷണ സംഘത്തിന് പിടിവള്ളിയായത്.
സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ കണ്ണാടി ഇളക്കി മാറ്റിയും ധരിച്ചിരുന്ന വസ്ത്രങ്ങൾ പലതവണ മാറ്റിയും എല്ലാം കൃത്യമായ ആസൂത്രണത്തോടെയായിരുന്നു റിജോയുടെ നീക്കങ്ങൾ എല്ലാം. എന്നാൽ, ഇതിനിടയിൽ ഒരിക്കൽ പോലും ആന്റണി താൻ ധരിച്ചിരുന്ന ഷൂസ് മാറ്റാതിരുന്നതാണ് വിനയായത്. സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ച അന്വേഷണ സംഘം ഈ ഷൂസ് പിന്തുടർന്നാണ് റിജോയിലേക്കെത്തിയത്.
ഇന്നലെ രാത്രിയോടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്വന്തം വീട്ടിൽനിന്നു തന്നെയാണ് പൊലീസ് റിജോയ പിടികൂടിയത്.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. അതേസമയം, ചില മൊഴികളിൽ വൈരുദ്ധ്യമുണ്ട്. വീടു നിർമിച്ചതിന്റെ ബാധ്യത തീർക്കാനായിരുന്നു മോഷണമെന്നു പറഞ്ഞ പ്രതി പിന്നീടിതു മാറ്റിപ്പറയുകയായിരുന്നു. റിജോ നന്നായി മദ്യപിക്കുന്നയാളാണെന്നും പൊലീസ് പറഞ്ഞു. ഇക്കാര്യങ്ങളിലും വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ഇനിയുള്ളനീക്കം.
ചെറിയ തെളിവുകൾ പോലും ശേഷിപ്പിക്കാതെയാണ് റിജോ ആന്റണി എന്ന മോഷ്ടാവ് കവർച്ച നടത്തിയത്. നടത്തിയ കവർച്ചയിൽ താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് അത്രയ്ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു റിജോയ്ക്ക്. മങ്കിക്യാപ്പും അതിനു മുകളിൽ വച്ച ഹെൽമറ്റും തന്റെ മുഖം കൃത്യമായി മറയ്ക്കും എന്ന് കരുതിയിരുന്നു.
ഇടയ്ക്ക് വഴിയിൽ നിർത്തി വസ്ത്രങ്ങൾ മാറുമ്പോൾ പോലും ഇയാൾ ഹെൽമറ്റ് മാറ്റിയില്ല. ബാങ്കിൽ നിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള വീട്ടിലേക്ക് ഉൾ റോഡുകളിലൂടെ മാറി മാറിയാണ് ഇയാൾ സഞ്ചരിച്ചത്.
ഗ്ലൗസ് ധരിച്ചിരുന്നതിനാൽ വിരലടയാളം ലഭിക്കില്ലെന്നും ഇയാൾ വിശ്വസിച്ചു. യാത്രയ്ക്കു മുൻപ് നീക്കം ചെയ്ത സ്കൂട്ടറിന്റെ കണ്ണാടി ഇടയ്ക്ക് തിരികെ പിടിപ്പിച്ചും ആശയകുഴപ്പമുണ്ടാക്കി.
തുമ്പുകളൊന്നും അവശേഷിപ്പിക്കാതെ നടത്തിയ കവർച്ച എന്ന ആത്മവിശ്വാസത്തോടെ കഴിഞ്ഞ പ്രതിക്ക് തിരിച്ചടിയായത് മാറ്റാതിരുന്ന ഷൂ തന്നെയാണ്. ഷൂവിന്റെ അടിയിലെ നിറമാണ് മോഷ്ടാവിനെ തിരിച്ചറിയുന്നതിൽ പ്രധാന വഴിത്തിരിവായത്.
അഞ്ഞൂറോളം സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. മോഷ്ടിച്ച പണത്തിൽ നിന്ന് 2.9 ലക്ഷം രൂപയുടെ കടം വീട്ടിയതായി ഇയാൾ പൊലീസിനോടു പറഞ്ഞു. പണം കിട്ടിയയാൾ, അറസ്റ്റ് വാർത്തയറിഞ്ഞ് പണം ഡിവൈഎസ്പി ഓഫിസിലെത്തി കൈമാറി.
10 ലക്ഷം രൂപ ബണ്ടിൽ പൊട്ടിക്കാതെ സൂക്ഷിച്ചിരുന്നു. ഇത് പൊലീസ് കണ്ടെടുത്തതായാണു സൂചന. ബാങ്ക് ജീവനക്കാരെ വിരട്ടാൻ ഉപയോഗിച്ച കറിക്കത്തി വിദേശത്തു നിന്ന് കൊണ്ടു വന്നതാണെന്നു ഇയാൾ പറഞ്ഞു.
നാട്ടിൽ ആഡംബര ജീവിതം നയിച്ചുവന്ന റിജോയിലേക്ക് ഒരിക്കൽ പോലും ആരുടെയും സംശയം നീണ്ടിരുന്നില്ല. തമാശകൾ പറഞ്ഞും അയൽക്കാരുമായി കൂട്ടുകൂടിയും മോഷണത്തിനു ശേഷം സമയം ചെലവഴിച്ചിരുന്നു. കവർച്ചയെക്കുറിച്ച് അയൽക്കാർ ചർച്ച ചെയ്യുമ്പോൾ അതിലും റിജോ സജീവമായി പങ്കെടുത്തു.
ഇന്നലെ ഇയാളുടെ വീട്ടിൽ നടത്തിയ കുടുംബയോഗത്തിലും പ്രതി ഇതേ പറ്റി ചർച്ച നടത്തി. ‘അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’ എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള പ്രതികരണം. പ്രതിക്കു വേണ്ടി പൊലീസ് നാടാകെ പരക്കം പായുമ്പോൾ അതിന്റെ വാർത്തകൾ വീട്ടിലിരുന്നു മൊബൈൽ ഫോണിൽ കാണുകയായിരുന്നു ഇയാൾ.
ആഡംബര ജീവിതമായിരുന്നു റിജോ നയിച്ചിരുന്നത്. മുമ്പ് ഗൾഫിലായിരുന്നു. ഭാര്യ കുവൈറ്റിൽ നഴ്സാണ്. ഇവർ അയച്ചുകൊടുക്കുന്ന പണം ഉപയോഗിച്ചായിരുന്നു ആഡംബര ജീവിതം നയിച്ചിരുന്നത്. മദ്യപാനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പണം തികയാതെ വന്നതോടെ പലരിൽ നിന്നും കടംവാങ്ങിയിരുന്നു.
ഭാര്യ നാട്ടിൽ വരുംമുമ്പ് ഈ കടങ്ങൾ തീർക്കാനായിരുന്നു കവർച്ച നടത്തിയത്. മോഷണം നടത്തി മടങ്ങുന്നതിനിടെ മോഷ്ടിച്ച പണത്തിൽ നിന്ന് കുറച്ചെടുത്ത് ഒരു ലീറ്റർ മദ്യം വാങ്ങിയ ശേഷമാണ് ഇയാൾ വീട്ടിലെത്തിയത്.