കാസര്‍കോട്: ഹോസ്റ്റൽ മുറിയിൽ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കൊല്ലം സ്വദേശിയായ സ്മൃതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചാണ് സഹോദരിയും അച്ഛനും രംഗത്തെത്തിയത്. ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു 20കാരിയായ സ്മൃതി.(The incident where the nurse was found dead in the hostel room)
ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് ട്രെയിനിയായിരുന്നു സ്‌മൃതി. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ്. എന്നാൽ അതേസമയം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയ രോഗിക്ക് സ്മൃതി മരുന്ന് മാറി നല്‍കിയിരുന്നുവെന്ന് മെഡിക്കൽ ഡയറക്ടർ പറഞ്ഞു. ആന്‍റിബയോട്ടിക് കൊടുക്കുന്നതിന് പകരം പനിയുടെ ഇൻജക്ഷൻ കൊടുത്തു. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍ വിശദീകരണം ചോദിച്ചതിന്‍റെ മാനസിക വിഷമം സ്മൃതിക്കുണ്ടായിരുന്നെന്ന് ആശുപത്രി മാനേജ്മെന്‍റ് സൂചിപ്പിക്കുന്നു.
പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തും. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്‍റെ കൂടി അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിക്കുമെന്ന് കുമ്പള പൊലീസ് അറിയിച്ചു.