തൃശ്ശൂർ: തൃശൂർ റെയിൽവേ സ്‌റ്റേഷന്റെ രണ്ടാം കവാടത്തിനടുത്ത് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. കല്ലൂർ സ്വദേശി ഷംജാദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.(The incident where the body was found at the Thrissur railway station is a murder)
ഇന്നലെ രാവിലെയാണ് സംഭവം. നടപ്പാതയോട് ചേർന്നുള്ള മതിലിനുള്ളിൽ റെയിൽവേയുടെ ചെറിയ കാനയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. തലകുത്തി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. നെറ്റിയിലും തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവുകൾ ഉണ്ടായിരുന്നു. ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല.
ഒരു വർഷമായി ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുന്ന ഇയാൾ സ്വന്തം വീട്ടിലേക്ക് വല്ലപ്പോഴും മാത്രമേ എത്താറുള്ളൂവെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ തൃശ്ശൂർ വെസ്റ്റ് പോലീസ് കേസന്വേഷണം ആരംഭിച്ചു. തൃശൂർ എസിപി സലീഷ്, എൻ ശങ്കർ, വെസ്റ്റ് എസ്ഐമാരായ ശിശിർ ക്രിസ്ത്യൻ രാജ് , വിബി അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.