ആലപ്പുഴ: കമലാസനനും ഷേർലിക്കും പത്ത് മക്കളുണ്ട്. എല്ലാവരും നല്ല നിലയിലും. പക്ഷേെ നോക്കാനാളില്ല പത്ത് മക്കളുണ്ടായിട്ടും ഭക്ഷണം പോലും കിട്ടാതെ അമ്മ മരിച്ചു. അച്ഛൻ പുഴുവരിച്ച് അവശനിലയിലും നിലയിലും. അമ്മയുടെ മരണവാർത്തയറിഞ്ഞ് മക്കൾ എത്തിയെങ്കിലും പിതാവിനെ ഒപ്പം കൂട്ടാൻ ആരും തയ്യാറായില്ല. തലവടി കിഴക്ക് സൃഷ്ടി റോഡ് ഇളങ്ങുമഠം ഭാഗത്തെ പടിഞ്ഞാറെ വീട്ടിൽ കമലാസനൻ (75) ആണ് സ്വന്തം മക്കൾ നോക്കാതെ നരകയാതന അനുഭവിക്കുന്നത്. ഒടുവിൽ വിദേശത്തുനിന്നെത്തിയ സമീപവാസിയും വ്യവസായിയുമായ ഹാരിസ് രാജ എന്നയാൾ കമലാസനന്റെ ചികിത്സാച്ചെലവുകൾ ഏറ്റെടുക്കുകയായിരുന്നു.
വ്യാഴാഴ്ച ഇവർ വാതിൽ തുറക്കാത്തതിനാൽ സമീപത്തെ കടയിലെ സ്ത്രീ ചെന്നു നോക്കി. ഇരുവരെയും അവശരായി കണ്ടതിനെത്തുടർന്ന് ഇവർ ആശ പ്രവർത്തക നജുമയെ വിവരമറിയിച്ചു. നജുമയെത്തുമ്പോൾ കട്ടിലിൽനിന്ന് വീണനിലയിൽ ഷേർലിയെയും കമലാസനനെയും കണ്ടു. ഷേർലി മരിച്ചിരുന്നു.
സംസ്കാരത്തിനു മക്കളെത്തിയെങ്കിലും കമലാസനനെ കൂട്ടിക്കൊണ്ടുപോകാൻ ആരും തയ്യാറായില്ല. വിദേശത്തുനിന്നെത്തിയ സമീപവാസിയും വ്യവസായിയുമായ ഹാരിസ് രാജ ശനിയാഴ്ച ഇതറിഞ്ഞു സ്ഥലത്തുപോയി. ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ കെ.കെ. ജയമ്മയെയും വാർഡ് കൗൺസിലർ ജി. രേഖയെയും വിവരമറിയിച്ചു. പോലീസിൽ അറിയിച്ചെങ്കിലും സ്ഥലത്തെത്തിയില്ലെന്നു പറയുന്നു. മക്കളെ വിളിച്ചിട്ടു കിട്ടുന്നില്ലെന്നുപറഞ്ഞ് പോലീസ് ഒഴിഞ്ഞതായും ആരോപണമുണ്ട്. ഒടുവിൽ ചെയർപേഴ്സന്റെ നിർദേശത്തിൽ കമലാസനനെ ആംബുലൻസിൽ ജനറൽ ആശുപത്രിയിലേക്കു മാറ്റി.
പരിചരണമോ ഭക്ഷണമോ കിട്ടാതെ വാടകവീട്ടിലായിരുന്നു കമലാസനനും ഭാര്യ ഷേർലിയും താമസിച്ചിരുന്നത്. ഷേർലി വ്യാഴാഴ്ച മരിച്ചു. ഷേർലിയുടെയും കമലാസനന്റെയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ കമലാസനന് ആറും ഷേർലിക്കു നാലും മക്കളുണ്ട്. കമലാസനന്റെ പേരിൽ വീടുണ്ടെങ്കിലും അതിൽനിന്ന് മക്കളിറക്കിവിട്ടു. ആകെയുള്ള വരുമാനം പെൻഷനായിരുന്നു. അതുകിട്ടിയിട്ട് ആറുമാസമായി. വയ്യാതെ കിടന്നതിനാൽ മസ്റ്ററിങ് നടത്താനുമായിരുന്നില്ല.
നോക്കാനാളില്ലെങ്കിൽ കിടത്താനാകില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞപ്പോൾ ഹാരിസ് രാജ ഹോംനഴ്സിനെ ഏർപ്പാടാക്കി. ചികിത്സാച്ചെലവുകളും ഏറ്റു. ഷേർലി മരിച്ചതുൾപ്പെടെയുള്ള വിവരം വ്യാഴാഴ്ച രാവിലെതന്നെ വാർഡ് കൗൺസിലർ നോർത്ത് പോലീസിൽ അറിയിച്ചിട്ടും അന്നും പോലീസ് വീട്ടിലെത്തി അന്വേഷിച്ചില്ലെന്ന് ആരോപണമുണ്ട്.









